ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിലെ അടുത്ത നടപടികൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് നിർണായക യോഗങ്ങൾ തുടരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും സ്ഥിതിഗതികൾ വിലയിരുത്തും. കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം രാത്രി വൈകി പ്രധാനമന്ത്രി കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സംഭവവികാസങ്ങൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണ്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയതിനെത്തുടർന്ന് പാകിസ്ഥാൻ അമേരിക്കയോട് സഹായം തേടി. സംഘർഷാവസ്ഥ പരിഹരിക്കാൻ ഇടപെടാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയോട് ആവശ്യപ്പെട്ടു. ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നിലപാട് തുടരുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ ലോക രാജ്യങ്ങളിൽ നിന്ന് സഹായം തേടുന്നു.
സംഘർഷാവസ്ഥ ഒഴിവാക്കാൻ അമേരിക്ക ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെട്ടു. ചർച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി സംസാരിച്ചു. ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിക്കണമെന്നും യുഎസ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് യുഎസ് വ്യക്തമാക്കി.
പാകിസ്ഥാനുമായുള്ള സംഘർഷം ഒഴിവാക്കാൻ ഇന്ത്യയോട് ആവശ്യപ്പെട്ട് സൗദി അറേബ്യ ഇന്നലെ പ്രസ്താവന ഇറക്കി. പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് കേന്ദ്രസർക്കാർ ഇന്നലെ വിലക്കിയിരുന്നു. പാകിസ്ഥാന്റെ ഉടമസ്ഥതയിലുള്ള യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും വിലക്ക് ബാധകമാണ്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി പ്രത്യേക കർമപദ്ധതി തയ്യാറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കും.