ഹരിയാനയിലെ സിർസയിൽ നിന്ന് മിസൈൽ ഭാഗങ്ങൾ കണ്ടെത്തി. ലോഹ ഭാഗങ്ങൾ സുരക്ഷാ സേന കണ്ടെടുത്തു. ഫത്താ ബാലിസ്റ്റിക് മിസൈലിന്റെ ഭാഗങ്ങൾ കണ്ടെത്തി. ഡൽഹി ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്റെ മിസൈൽ ആക്രമണം. ഈ ശ്രമം സൈന്യം പരാജയപ്പെടുത്തി. ജയ്സാൽമീറിൽ നിന്നും മിസൈൽ ഭാഗങ്ങൾ കണ്ടെത്തി.
ഇന്ത്യൻ വ്യോമതാവളങ്ങൾ നശിപ്പിക്കാനുള്ള പാകിസ്ഥാന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. രാജസ്ഥാനിലെ വ്യോമതാവളങ്ങൾ ഉൾപ്പെടെ പാകിസ്ഥാൻ ലക്ഷ്യമിട്ടിരുന്നു. അമൃത്സറിലെ ഖാസ കാന്റിന് മുകളിലൂടെ പറക്കുന്ന ഒന്നിലധികം ഡ്രോണുകൾ കണ്ടെത്തി നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിർത്തിയിലെ പാകിസ്ഥാന്റെ പ്രകോപനങ്ങളും തുടരുകയാണ്.
ഇന്ത്യൻ സൈന്യം നിരവധി പാകിസ്ഥാൻ പോസ്റ്റുകൾ ആക്രമിച്ച് നശിപ്പിച്ചു. ജമ്മു സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിയുതിർത്തു. അന്താരാഷ്ട്ര അതിർത്തിയിലെ പോസ്റ്റുകൾ നശിപ്പിച്ചുകൊണ്ട് ബിഎസ്എഫ് തിരിച്ചടിച്ചു. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്ഥാൻ തുടർച്ചയായി ആക്രമണം നടത്തുന്നു. ആക്രമണത്തിനായി ഡ്രോണുകളും മറ്റ് യുദ്ധ ഉപകരണങ്ങളും ഉപയോഗിക്കുന്നു.