തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ പെൺകുട്ടി മൂന്ന് ദിവസമായി വെന്റിലേറ്ററിലായിരുന്നു. അവസാന ഡോസ് വാക്സിൻ എടുക്കുന്നതിന് മുമ്പ് റാബിസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് മൂന്ന് കുട്ടികൾ റാബിസ് ബാധിച്ച് മരിച്ചു.
മൂന്ന് ഡോസ് വാക്സിനും കൃത്യസമയത്ത് എടുത്തു. കഴിഞ്ഞ മാസം എട്ടാം തീയതി കൊല്ലത്ത് വീടിനു മുന്നിൽ നിൽക്കുമ്പോൾ കുട്ടിയെ തെരുവുനായ കടിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വാക്സിനും ആരംഭിച്ചു. എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ നില ഗുരുതരമായി തുടർന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
കുട്ടിയുമായി സമ്പർക്കം പുലർത്തിയിരുന്നവരോട് പ്രതിരോധ വാക്സിൻ എടുക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു. കുട്ടിയെ കടിച്ച തെരുവുനായ മരിച്ചു. വാക്സിൻ എടുത്താലും ഞരമ്പുകളിൽ കടിയേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന് എസ്എടി സൂപ്രണ്ട് അറിയിച്ചു.