പുകവലിക്ക് വലിയ വിലകൊടുക്കേണ്ടി വരും’ സിനിമാ തിയേറ്ററിലെ ഈ പരസ്യം കേൾക്കാത്തവരായി ആരുമുണ്ടാവില്ല. പല മിമിക്രി കലാകാരന്മാരും തങ്ങളുടെ കലാജീവിതത്തിൽ ഒരിക്കലെങ്കിലും അനുകരിക്കുന്ന ഒന്നുകൂടിയാണ് ഇത്. ആളുകൾ അത്രയും ആവൃത്തി ഇത് കേട്ടുകഴിഞ്ഞു. എന്നാൽ അതിൽ പറയുന്ന കാര്യം ശ്രദ്ധിച്ചോ എന്ന് ചോദിച്ചാൽ പകുതിപ്പേർക്കും മിണ്ടാട്ടം ഉണ്ടാവില്ല. എന്തിനാണ് ആ പരസ്യം ഇറക്കിയതെന്ന് അറിഞ്ഞു വെച്ചിട്ടും, ഒരുപാട് കൊട്ടിയാഘോഷിച്ച് പല ആവൃത്തി പറഞ്ഞിട്ടും അതിനുള്ളിലെ കാര്യങ്ങൾ മാത്രം ആരും ചെവികൊള്ളാറില്ല.
വളരെ പെട്ടെന്നൊന്നും മാറ്റാൻ കഴിയാത്ത ഒരു ശീലമാണ് പുകവലി. ചെയ്യുന്നത് തെറ്റാണ്, ഇഞ്ചിഞ്ചായിട്ട് നിങ്ങളെ കൊല്ലുകയാണ് എന്ന പൂർണ ബോധ്യമുള്ളവരാണ് ഇത് ഉള്ളിലേക്ക് വലിച്ച് കയറ്റുന്നത്. നിലവിൽ ലോകത്ത് ഏറ്റവും അധികം കച്ചവടം ചെയ്യുന്ന ഒരു വസ്തു ആണെന്നിരിക്കെ ഇത് ലോകത്തിൽ നിന്ന് തുടച്ചുനീക്കുന്നതും വളരെ ശ്രമകരമായ ദൗത്യമാണ്. പക്ഷേ അതിന് വേണ്ടി പരിശ്രമിക്കാമല്ലോ ? ഇന്ന് ലോക പുകയില വിരുദ്ധ ദിനമാണ്. പുകയില സൃഷ്ടിക്കുന്ന വിപത്തുകളെ തുറന്നു കാട്ടുന്നതിനാണ് എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധദിനമായി ആചരിക്കുന്നത്. ‘തിളക്കമുള്ള ഉൽപ്പന്നങ്ങൾ. ഇരുണ്ട ഉദ്ദേശ്യങ്ങൾ. ആകർഷണീയതയുടെ മുഖംമൂടി അനാവരണം ചെയ്യുന്നു’ എന്നതാണ് ഇത്തവണത്തെ പുകയില വിരുദ്ധ മുദ്രാവാക്യം.
ഓരോ വർഷവും ലോകത്ത് ദശലക്ഷക്കണക്കിന് പേരുടെ മരണത്തിന് ഇടയാക്കുന്ന ഈ ദുശീലത്തെ പലരും കൂടെ കൂട്ടുന്നത് മരണത്തെ ഒപ്പം നടത്തുന്നത് പോലെയാണ്. മയക്കുമരുന്ന് വ്യാപനത്തിന്റെ കാലഘട്ടമാണിതെങ്കിലും വലിയൊരു വിഭാഗം ആളുകൾ ഇന്നും പുകവലിയുടെ അടിമകളാണ്. പുകയില വിപണന-വ്യാപാര മേഖല നമ്മുടെ പരിസ്ഥിതിയിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പുകയിലയും പുകവലിയും മനുഷ്യനുണ്ടാക്കുന്ന മാരക ആരോഗ്യാവസ്ഥകളെ കുറിച്ച് പിന്നെ പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
പുകയില മനുഷ്യ ശരീരത്തിന്റെ ഏതാണ്ട് ഏല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. പുകവലി ഒരു മനുഷ്യനെ ശാരീരികമായും മാനസികമായും സാമൂഹികമായും മാത്രമല്ല സാമ്പത്തികമായും തളർത്തുന്ന ഒന്നാണ്. പുകവലിയിലൂടെ അപകടകാരികളായ രാസപദാർത്ഥങ്ങൾ വളരെ പെട്ടെന്നാണ് ശരീരത്തിന്റെ എല്ലാ ഭാഗത്തും രക്തത്തിലൂടെ എത്തിച്ചേരുന്നത്.
പുകയിലയിൽ അടങ്ങിയിട്ടുള്ള ‘നിക്കോട്ടിൻ’ പുകയിലയോടുള്ള ആസക്തിക്ക് കാരണമാകുന്നു. നിക്കോട്ടിൻ മൂലം ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ‘ഡോപ്പമിൻ’ എന്ന രാസവസ്തു പുകയിലയോടുള്ള ആസക്തി കൂട്ടുന്നു. ഈ ആസക്തി പുകയില ഉപയോഗം പൊതുവെ കൂടുവാൻ കാരണമാകുന്നു.
പുകവലിയാണ് ശ്വാസകോശ ക്യാൻസറിന് പ്രധാന കാരണം. പുകയില മറ്റ് തരം ക്യാൻസറുകൾക്കും കാരണമായി മാറാറുണ്ട്. ശ്വസന സംബന്ധിയായ രോഗങ്ങൾ മാത്രമല്ല ഹൃദ്രോഗങ്ങൾക്കും സ്ട്രോക്കിനും പുകവലി കാരണമാണ്. പുകയില ഉപയോഗം മനുഷ്യന്റെ രോഗപ്രതിരോധ ശക്തിയെ കുറക്കുന്നതുമൂലം ബാക്ടീരിയൽ-വൈറൽ അണുബാധയ്ക്ക് സാധ്യത കൂട്ടുന്നു. പുകവലി പല്ലുകൾക്കും മോണകൾക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മാത്രമല്ല ഇത് കേൾവിശക്തിയ്ക്കും കാഴ്ചശക്തിയ്ക്കും വരെ അപകടമാണ്. പുകയില ഉപയോഗം പ്രത്യുൽപാദന ശേഷിയെ പോലും ബാധിച്ചേക്കാം.
ഒരാൾ സ്വയം ആപത്ത് വിളിച്ചുവരുന്നതുന്നതിനൊപ്പം കൂടെ നിൽക്കുന്നവരെ കൂടി അപകടത്തിൽപ്പെടുത്തിയാലോ ? അങ്ങനെ ഒന്നാണ് ഈ പുകവലി എന്ന് പറയുന്നത്. ഒരു പുകവലിക്കാരൻ അയാളുടെ ചുറ്റുമുള്ള ആളുകളുടെയും ആരോഗ്യത്തെയും കൂടിയാണ് അപകടത്തിലാക്കുന്നത്.
ടെൻഷൻ അകറ്റാനാണ് പുകവലിക്കുന്നത് എന്നാണ് പലരുടെയും ന്യായം. എന്നാൽ അത് വെറും തെറ്റിധാരണ മാത്രമാണ്. ശരീരത്തെ മാത്രമല്ല, മനസിനേയും പുകവലി വല്ലാതെ ബാധിക്കും. പുകവലി ഉപേക്ഷിക്കുന്നതിലൂടെ മാനസിക സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാനായെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
പുകവലി പൂർണമായും ഉപേക്ഷിക്കാൻ തീരുമാനം എടുക്കുക എന്നത് തന്നെയാണ് പുകവലി നിർത്താനുള്ള ആദ്യ പോംവഴി. ഈ ദുശ്ശീലത്തിന് അടിമയായി മാറി എന്നറിയുന്നത് ഇത് നിര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ്. പുകവലി നിര്‍ത്താന്‍ എളുപ്പ വഴികളൊന്നുമില്ല. അതുപോലെ തന്നെ അതിന് പ്രത്യേകിച്ച് ദിവസങ്ങളൊന്നുമില്ല. ചിലർ എല്ലാ ഒന്നാം തീയതിയും നിർത്താൻ തീരുമാനിക്കുമ്പോൾ മറ്റു ചിലർ ന്യൂ ഇയറിനും ബര്‍ത്ത് ഡേക്കും നിർത്താൻ തീരുമാനിക്കും. ഇതിലൊന്നും കാര്യമില്ല, ഏറ്റവും അടുത്ത നിമിഷമാണ് പുകവലി നിര്‍ത്താനുള്ള ശുഭനിമിഷം എന്ന് മാത്രം ഓര്‍മ്മിക്കുക.