മിനി ലോറി ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു..#latest news

 


പെരുമ്പിലാവ്(തൃശ്ശൂര്‍): ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന പത്താംക്ലാസ് വിദ്യാര്‍ഥി മിനിലോറിയിടിച്ച് മരിച്ചു. അപകടം കണ്ട് ഓടിക്കൂടിയവരില്‍ അമ്മയും. കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്പില്‍ മെഹബൂബിന്റെ മകന്‍ അല്‍ഫൗസാന്‍ (14) ആണ് മരിച്ചത്. അന്‍സാര്‍ ആശുപത്രിയിലെ നഴ്സായ അമ്മ സുലൈഖ മറ്റുള്ളവരുടെ കൂടെ മരിച്ചതാരെന്നറിയാന്‍ സംഭവസ്ഥലത്തെത്തി. മൃതദേഹം മകന്റേതാണെന്ന് തിരിച്ചറിഞ്ഞ സുലൈഖ ബോധം നഷ്ടപ്പെട്ട് താഴെ വീണു. കൂടെയുണ്ടായിരുന്നവര്‍ക്ക് ആദ്യം കാര്യം മനസ്സിലായില്ല. പിന്നീടാണ് സുലൈഖയുടെ മകനാണ് മരിച്ചതെന്ന് എല്ലാവര്‍ക്കും മനസ്സിലായത്.


വ്യാഴാഴ്ച രാവിലെ പത്തരയോടെ അക്കിക്കാവ് ജങ്ഷനിലാണ് അപകടം. അല്‍ ഫൗസാന്‍ അക്കിക്കാവ് ടിഎംവിഎച്ച് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്. അക്കിക്കാവിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനത്തില്‍നിന്ന് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ അല്‍ ഫൗസാനെ ഗ്യാസ് സിലിന്‍ഡര്‍ കയറ്റിവന്ന മിനിലോറി ഇടിക്കുകയായിരുന്നു. റോഡുപണി നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് സൈക്കിള്‍ തള്ളിക്കൊണ്ടാണ് റോഡരികിലൂടെ അല്‍ ഫൗസാന്‍ പോയിരുന്നത്. അല്‍ ഫൗസാനെ ഇടിച്ചുതെറിപ്പിച്ച് മിനിലോറി ശരീരത്തിലൂടെ കയറിയിറങ്ങി. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കുന്നംകുളം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു മിനി ലോറി. ലോറി ഒരു കാറിലും സ്‌കൂട്ടറിലും ഇടിച്ച് അന്‍പത് മീറ്ററോളം മാറിയാണ് നിന്നത്. സ്‌കൂട്ടര്‍ യാത്രക്കാരനായ കൊങ്ങണൂര്‍ വന്നേരിവളപ്പില്‍ സുലൈമാന് പരിക്കേറ്റു.സുലൈഖയും ഭര്‍ത്താവ് മെഹബൂബും അന്‍സാര്‍ ആശുപത്രിയിലെ ജീവനക്കാരാണ്.

മകനെ ട്യൂഷ്യന് വിട്ടിട്ടാണ് ഇരുവരും ജോലിക്കു പോയത്. ഒരു വര്‍ഷം മുന്‍പാണ് മെഹബൂബിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. സുലൈഖയാണ് വൃക്ക നല്‍കിയത്. അഫ്ലഹ് മറ്റൊരു മകനാണ്. കബറടക്കം വെള്ളിയാഴ്ച 10-ന് പരുവക്കുന്ന് പള്ളി കബര്‍സ്ഥാനില്‍.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0