ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ സംഘർഷബാധിത അതിർത്തി സംസ്ഥാനങ്ങളിലെ സർവകലാശാലകളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹിയിലെ കേരള ഹൗസിൽ എത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര, സംസ്ഥാന സർവകലാശാലകളിൽ നിന്നുള്ള എഴുപത്തിയഞ്ചോളം വിദ്യാർത്ഥികൾ ഇന്നലെ രാത്രിയും ഇന്ന് രാവിലെയും കേരള ഹൗസിൽ എത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇന്ന് രാവിലെ വിവിധ വിമാനങ്ങളിലും ട്രെയിനുകളിലുമായി നാട്ടിലേക്ക് മടങ്ങും.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർത്ഥികൾക്കും സഹായവും വിവരങ്ങളും നൽകുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ന്യൂഡൽഹിയിലെ കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കൺട്രോൾ റൂം ഹെൽപ്പ്‌ലൈൻ നമ്പർ 01123747079.