തൃശ്ശൂര്‍: തൃശ്ശൂരില്‍ അതിശക്തമായ മഴയിലും കാറ്റിലും ഇരുമ്പ് മേല്‍ക്കൂര റോഡിലേക്ക് വീണു. തിരക്കേറിയ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് റോഡില്‍ കോര്‍പറേഷന്റെ മുന്‍വശത്തായാണ് അപകടം ഉണ്ടായത്. റോഡിന്റെ വശത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പിന്റെ മേല്‍ക്കൂരയാണ് ശക്തമായ കാറ്റില്‍ തകര്‍ന്ന് റോഡിലേക്ക് വീണത്. ഈ സമയം, റോഡില്‍ വാഹനങ്ങളും ആളുകളും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍നിന്നും നേരെ ഇറങ്ങിവരുന്ന, മുനിസിപ്പല്‍ മുനിസിപ്പല്‍ ഓഫീസ് റോഡിലാണ് അപകടം ഉണ്ടായത്. റോഡില്‍നിന്നും മേല്‍ക്കൂര മാറ്റുന്നതിനുള്ള അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മേല്‍ക്കൂര മാറ്റാതെ റോഡില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മേല്‍ക്കൂര നേരത്തേ പൊളിഞ്ഞിരിക്കുകയായിരുന്നുവെന്നും കാറ്റടിച്ചപ്പോള്‍തന്നെ താഴേക്ക് പതിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു.
കാല്‍നടയാത്രക്കാരും ബസ് കാത്തുനില്‍ക്കുന്നവരും ഇരുചക്രവാഹന യാത്രക്കാരും ഒക്കെയായി എപ്പോഴും വലിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണിത്. പ്രത്യേകിച്ച്, അപകടം ഉണ്ടായ സമയത്ത് വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടാറ്. ശക്തമായ മഴ കാരണമായിരിക്കാം സംഭവസമയത്ത് ഇവിടെ ആളുകളാരും ഉണ്ടാവാതെയിരുന്നത് എന്നാണ് അഗ്നിരക്ഷാ സേനയുടെ നിഗമനം. എന്തായാലും ഇത് വലിയ ഒരു അപകടമാണ് ഒഴിവാക്കിയത്.