ഹരിയാനയിലെ പഞ്ച്കുലയിൽ ഏഴംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പഞ്ച്കുലയിലെ സെക്ടർ 27ൽ തിങ്കളാഴ്ച രാത്രി ആയിരുന്നു സംഭവം. ഡെറാഡൂൺ സ്വദേശികളായ പ്രവീൺ മിത്തൽ, മാതാപിതാക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ എന്നിവരാണ് മരിച്ചത്. കൂട്ട് ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇവരുടെ കാർ പഞ്ച്കുലയിലെ ഒഴിഞ്ഞ മേഖലയിൽ കണ്ടെത്തിയത്. മരിച്ചവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. 12, 13 വയസ് പ്രായമുള്ള പെൺകുട്ടികളും 14 വയസുള്ള ഇവരുടെ സഹോദരനും മരിച്ചവരിൽ ഉൾപ്പെടുന്നു. വിൻഡ് ഷീൽഡ് തുണി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു കാറുണ്ടായിരുന്നത്.
കാറിനരികിലൂടെ പോയ വഴിയാത്രക്കാരിലൊരാൾക്ക് കാറിന്റെ വിൻഡ് ഷീൽഡിലെ തുണി കണ്ട് തോന്നിയ സംശയത്തിന് പിന്നാലെയാണ് യാത്രക്കാരെ അവശനിലയിൽ കണ്ടെത്തിയത്. പൊലീസിൽ വിവരം അറിയിച്ച് ഇവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കാറിനുള്ളിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
ഡെറാഡൂണിൽ താമസിക്കുന്ന പ്രവീൺ മിത്തൽ, പഞ്ച്കുലയിലെ ബാഗേശ്വർ ധാമിൽ കുടുംബത്തോടൊപ്പം ഒരു ആത്മീയ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നുവെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഞായറാഴ്ചയാണ് സംഭവം നടന്നത്. പരിപാടി കഴിഞ്ഞ് കുടുംബം ഡെറാഡൂണിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പഞ്ച്കുളയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.