ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവം; പ്രതികൾ കോയമ്പത്തൂരിൽ നിന്ന് പിടിയിൽ... #latest news

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസിൽ പ്രതികൾ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ ഷിജുവിനെയാണ് കെട്ടിയിട്ട് മർദിച്ചത്. വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ചാണ് ക്രൂരത. മാരകമായി പരിക്കേറ്റ ഷിജു കോട്ടത്തറ ആശുപത്രിയിൽ ചികിത്സതേടി.

24ന് അഗളി ചിറ്റൂർ കട്ടേക്കാട് നടന്ന സംഭവം ഇന്നലെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞത്. ക്ഷീരസംഘങ്ങളിൽ നിന്ന് പാൽ സംഭരിച്ച് മിൽമ ഡയറിയിലേക്ക് കൊണ്ടുപോകുന്ന പിക്കപ് വാനിന് മുന്നിലേക്ക് ഷിജു കല്ലിൽതട്ടി വീഴുകയായിരുന്നു. മനഃപൂർവം ചാടിയതാണെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും ചേർന്ന് മർദ്ദിച്ചു. നിലതെറ്റിയ ഷിജു കല്ലെടുത്തെറിഞ്ഞു. വാഹനത്തിന്റെ ചില്ല് തകർന്നു. പിന്നാലെ,ഡ്രൈവറും ക്ലീനറും ഷിജുവിനെ റോഡിലൂടെ വലിച്ചിഴച്ചു. വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ടു. വീണ്ടും തല്ലിയശേഷം വാഹനം ഓടിച്ചുപോയി. ഇതുവഴി വന്ന പരിചയക്കാരാണ് ഷിജുവിനെ കെട്ടഴിച്ച് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കയർ മുറുകിയതിന്റെ പാടുകൾ ഉൾപ്പെടെ ശരീരത്തിലുണ്ട്.ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ അഗളി പൊലീസ് ഷിജുവിന്റെ മൊഴി രേഖപ്പെടുത്തി. അക്രമിച്ച ഡ്രൈവറെയും ക്ലീനറെയും അറിയില്ലെന്നും മുമ്പ് കണ്ടിട്ടില്ലെന്നും ഷിജു പറഞ്ഞു. മദ്യലഹരിയിൽ വാഹനം തടയുകയും കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തുവെന്നാരോപിച്ച് പിക്കപ്പ് വാൻ ഉടമ ജിംസണും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഷിജു പിക്കപ്പ് വാഹനത്തിന്റെ കണ്ണാടി തകർക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0