മയക്കുമരുന്ന് കടത്തിയതിന് പലരെയും പോലീസ് പിടികൂടിയിട്ടുണ്ടാവും. എന്നാൽ ഇവിടെ പിടിയിലായ ആളെ കണ്ടാൽ നിങ്ങളൊന്ന് ഞെട്ടും. മയക്കുമരുന്ന് കടത്തുന്നതിനിടെ ഒരു പൂച്ചയാണ് ഇവിടെ പിടിയിലായിരിക്കുന്നത്. കോസ്റ്റാറിക്കയിലെ പൊക്കോസി ജയിലിനു സമീപം ആണ് സംഭവം. ശരീരത്തിൽ മയക്കുമരുന്ന് ടേപ്പ് ഒട്ടിച്ച നിലയിലാണ് പൂച്ചയെ പിടികൂടിയത്. 230 ഗ്രാമിലധികം മരിജുവാനയും 67 ഗ്രാം ക്രാക്ക് കൊക്കെയ്‌നും പ്ലാസ്റ്റിക് പാക്കറ്റുകളിൽ പൊതിഞ്ഞ നിലയിൽ ആണ് വശങ്ങളിൽ ഒട്ടിച്ചിരുന്നത്. ജയിൽ മതിലുകൾക്കുള്ളിലെ തടവുകാർക്ക് ലഭിക്കാൻ വേണ്ടി ആയിരിക്കാം ആരെങ്കിലും പൂച്ച വഴി ഇവ കടത്തിയത്.
കമ്പി വേലികൾ ചാടിക്കടക്കാൻ ശ്രമിച്ച പൂച്ചയെ ഉദ്യോഗസ്ഥർ വേലിയിൽ കയറി പിടികൂടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പിടികൂടിയ പൂച്ചയുടെ വശങ്ങളിൽ ഓടിച്ചിരുന്ന പാക്കറ്റുകൾ അധികൃതർ കണ്ടെത്തുകയും അവ കത്രിക കൊണ്ട് കട്ട് ചെയ്തു മാറ്റുകയും ചെയ്‌തു. “ആക്ടിംഗ് ഓഫീസർമാരുടെ പെട്ടെന്നുള്ള നടപടി കാരണം, പൂച്ചയെ പിടികൂടാൻ കഴിഞ്ഞു… അങ്ങനെ അവയ്ക്ക് അന്തിമ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിഞ്ഞില്ല,” എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ വിലയിരുത്തലിനും പരിചരണത്തിനുമായി പൂച്ചയെ ദേശീയ മൃഗാരോഗ്യ സേവനത്തിന് കൈമാറിയതായി മന്ത്രാലയം സ്ഥിരീകരിച്ചു.