ദുബായ്: 2033 ഓടെ ദുബായിൽ മൂന്ന് പുതിയ ആശുപത്രികൾ, 33 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, നിരവധി പ്രത്യേക ആരോഗ്യ സൗകര്യങ്ങൾ എന്നിവ നിർമ്മിക്കും. ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ പദ്ധതികൾ ആരംഭിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ എമിറേറ്റ്സ് ടവറിൽ നടന്ന ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗം പദ്ധതികൾക്ക് അംഗീകാരം നൽകി. ആരോഗ്യ സംരക്ഷണ സംവിധാനം, വിദ്യാഭ്യാസം, കുടുംബക്ഷേമ സേവനങ്ങൾ, സ്മാർട്ട് കെട്ടിടങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പുതിയ നയങ്ങൾക്കും കൗൺസിൽ അംഗീകാരം നൽകി.
ദുബായ് ഹെൽത്ത് അതോറിറ്റിയുടെ നേതൃത്വത്തിൽ എമിറേറ്റിന്റെ ആരോഗ്യ സംരക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിലാണ് പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആരോഗ്യ മേഖലയിലെ മികവിന്റെ കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. അൽ യലൈസ്, അൽ അവീർ, ഹിന്ദ് സിറ്റി, നാദ് അൽ ഷെബ, അൽ ലിസൈലി എന്നിവയുൾപ്പെടെയുള്ള പ്രധാന റെസിഡൻഷ്യൽ ഏരിയകൾക്കായിരിക്കും മുൻഗണന നൽകുക. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ നിർമ്മിക്കും. ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സോഷ്യൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ വിവിധ സേവനങ്ങൾ നൽകാനുള്ള പദ്ധതിയുമുണ്ട്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനത്തിന് അനുസൃതമായാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. കൂടുതൽ സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കുന്നതിനാണ് പുതിയ പദ്ധതികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് നേതൃത്വം ലക്ഷ്യമിടുന്നത്. ലോകത്തിലെ മികച്ച 10 നഗരങ്ങളിൽ ഒന്നായി എമിറേറ്റ് സ്വയം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. വൈവിധ്യമാർന്ന സംരംഭങ്ങളിലൂടെ എമിറാത്തി യുവാക്കളെ ശാക്തീകരിക്കുന്നതിൽ ക്ഷേമ പദ്ധതികൾ നിർണായകമാകുമെന്നും ഷെയ്ഖ് ഹംദാൻ പറഞ്ഞു. ദുബായ് ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും യോഗത്തിൽ പങ്കെടുത്തു.