ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ബിസിസിഐയാണ് ഈ തീരുമാനം എടുത്തത്. കളിക്കാരുടെയും
കാണികളുടെയും സുരക്ഷയാണ് പ്രധാനമെന്ന് ബിസിസിഐ അറിയിച്ചു. വിദേശ താരങ്ങൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. ബിസിസിഐയെ ഉദ്ധരിച്ച് പിടിഐ വാർത്ത റിപ്പോർട്ട് ചെയ്തു.
ധർമ്മശാലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം റദ്ദാക്കിയതിനെത്തുടർന്ന് ഐപിഎൽ മത്സരങ്ങൾ നടത്തുന്നതിനെക്കുറിച്ച് വലിയ അനിശ്ചിതത്വം ഉണ്ടായിരുന്നു. രാജ്യം യുദ്ധസമാനമായ സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ തുടരുന്നത് ഉചിതമല്ലെന്ന് ബിസിസിഐ നിലപാട് സ്വീകരിച്ചു. മെയ് 25 ന് കൊൽക്കത്തയിൽ ഐപിഎൽ 2025 അവസാനിക്കേണ്ടതായിരുന്നു.
ജമ്മു കശ്മീർ, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. അത്തരമൊരു സാഹചര്യത്തിൽ, ഇത്രയും വലിയ കാണികളെ ഉൾക്കൊള്ളിച്ചും വിദേശത്തുനിന്നുള്ളവരുൾപ്പെടെ കളിക്കാരെ കൊണ്ടുവന്നും ഐപിഎൽ തുടരുന്നതിൽ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. ഐപിഎൽ 2025 എപ്പോൾ തുടരുമെന്ന് പിന്നീട് പ്രഖ്യാപിക്കും.