ന്യൂഡൽഹി: പാകിസ്ഥാനെതിരെ ഇന്ത്യയുടെ സൈനിക നടപടി ഉടൻ ഉണ്ടാകുമെന്ന് പാകിസ്ഥാൻ വാർത്താവിനിമയ മന്ത്രി അത്തൗള്ള തരാർ പറഞ്ഞു. 36 മണിക്കൂറിനുള്ളിൽ ഇന്ത്യൻ സൈനിക നടപടി സ്വീകരിക്കുമെന്ന് ഇന്റലിജൻസ് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അത്തൗള്ള തരാർ പറഞ്ഞു. അത്തരമൊരു നടപടി സ്വീകരിച്ചാൽ പാകിസ്ഥാനിൽ നിന്ന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് പാകിസ്ഥാൻ മന്ത്രി മുന്നറിയിപ്പ് നൽകി. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചുള്ള അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ ആക്രമണം നടത്തിയതെന്ന് അത്തൗള്ള കൂട്ടിച്ചേർത്തു.
ഇന്ത്യ 'ജഡ്ജി, ജൂറി, ആരാച്ചാർ' എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇത് പാകിസ്ഥാന് ഒരിക്കലും സ്വീകാര്യമല്ലെന്നും അത്തൗള്ള പറഞ്ഞു. ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ, സത്യം കണ്ടെത്തുന്നതിന് നിഷ്പക്ഷവും സുതാര്യവും സ്വതന്ത്രവുമായ ഒരു വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് പാകിസ്ഥാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും പാകിസ്ഥാൻ തീവ്രവാദത്തിന്റെ ഇരയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ പരമാധികാരവും പ്രദേശിക സമഗ്രതയും സംരക്ഷിക്കാൻ പാകിസ്ഥാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു, ഇരു രാജ്യങ്ങളും തമ്മിലുള്ള ഏതൊരു സംഘർഷത്തിന്റെയും അനന്തരഫലങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇന്ത്യ വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിലൂടെയാണ് പ്രസ്താവന.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. സേനയിൽ പൂർണ വിശ്വാസം പ്രകടിപ്പിച്ച മോദി, പ്രത്യാക്രമണ നടപടികൾക്കായി സേനകൾക്ക് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യം നൽകിയതായി റിപ്പോർട്ടുണ്ട്. സുരക്ഷാ നടപടികൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ചൊവ്വാഴ്ച രണ്ട് ഉന്നതതല യോഗങ്ങൾ നടന്നു. വൈകുന്നേരം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അനിൽ ചൗഹാൻ, കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി, വ്യോമസേനാ മേധാവി മാർഷൽ അമർ പ്രീത് സിംഗ് എന്നിവർ പങ്കെടുത്തു. പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും അർദ്ധസൈനിക മേധാവികളുമായി ചർച്ച നടത്തി.
പ്രതികാര നടപടിയുടെ സമയം, ലക്ഷ്യം, രീതി എന്നിവ സേനകൾക്ക് തീരുമാനിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബുധനാഴ്ച കേന്ദ്ര മന്ത്രിസഭയും സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റിയും യോഗം ചേരാനിരിക്കെയാണ് ഉന്നതതല യോഗം നടന്നത്. പാക് വിമാനങ്ങൾക്ക് വ്യോമാതിർത്തി തടയുക, കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങൾ നിരോധിക്കുക തുടങ്ങിയ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് സൂചന.