മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടെഴുത്തുകാരനായ ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് 15 വര്‍ഷം#Kerala

 

 

 


 

 

 

അക്ഷരം കൊണ്ട് മായാജാലം തീര്‍ത്ത ഗിരീഷ് മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട പാട്ടെഴുത്തുകാരനാണ്. മനസ്സിന്റെ മണിച്ചിമിഴില്‍ പനിനീര്‍ത്തുള്ളി പോല്‍ തങ്ങിനില്‍ക്കുന്നുണ്ട് ഇപ്പോഴും ആ ഗാനങ്ങള്‍. കവി വിട പറഞ്ഞ് വര്‍ഷങ്ങളേറെ കഴിഞ്ഞു. പക്ഷെ മലയാളി ഹൃദയം തൊട്ട ആ ഗാനങ്ങള്‍ അനശ്വരം. കിനാവിന്റെ പടികടന്നെത്തുന്ന പ്രണയ പദനിസ്വനം പോലെ അവ നമ്മുടെ ഹൃദയങ്ങളിലുണ്ട്. ലളിതസുന്ദരമായ പദങ്ങള്‍, സാധാരണക്കാരനു പോലും മനസ്സിലാകുന്ന അര്‍ത്ഥതലം- ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചയിതാവിനെ മലയാളിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാക്കിയത് അവയൊക്കെയായിരുന്നു. പ്രണയവും വിരഹവും സന്താപവും സന്തോഷവും ഭക്തിയുമെല്ലാം നിറഞ്ഞുനിന്നു ആ വരികളില്‍. കഥാസന്ദര്‍ഭവുമായി ഇണങ്ങിച്ചേരുന്നതില്‍ അവ വിജയിച്ചു.

സംസ്‌കൃത പണ്ഡിതനായിരുന്ന പുളിക്കൂല്‍ കൃഷ്ണപ്പണിക്കരുടേയും കര്‍ണാടക സംഗീതജ്ഞ മീനാക്ഷിയമ്മയുടേയും മകനാണ് ഗിരീഷ്. അമ്മയില്‍ നിന്നും സംഗീതവും അച്ഛനില്‍ നിന്നും ഭാഷാശുദ്ധിയും നേടി. ഗാനങ്ങളില്‍ മാത്രം ഒതുങ്ങിനിന്നില്ല ഗിരീഷ് പുത്തഞ്ചേരിയുടെ പ്രതിഭ. വടക്കുംനാഥന്‍, കിന്നരിപ്പുഴയോരം തുടങ്ങി പല ചിത്രങ്ങള്‍ക്കും തിരക്കഥയെഴുതി. മേലപ്പറമ്പില്‍ ആണ്‍വീടിന്റെ കഥയും ഗിരീഷ് പുത്തഞ്ചേരിയുടേതാണ്.

രവീന്ദ്രന്‍ മാഷിനും ജോണ്‍സണ്‍ മാഷിനും വിദ്യാസാഗറിനും എം ജയചന്ദ്രനും ഗിരീഷിനൊപ്പം കൈകോര്‍ത്തപ്പോഴെല്ലാം പിറന്നത് അപൂര്‍വസുന്ദരമായ ഗാനങ്ങളായിരുന്നു. പിന്നെയും പിന്നെയും ആരോ കിനാവിന്റെ, മറന്നിട്ടുമെന്തിനോ, കാത്തിരിപ്പൂ കണ്‍മണി, ഒരു രാത്രി കൂടി വിടവാങ്ങവേ മുതലായ ഗാനങ്ങള്‍ പ്രണയ, വിരഹങ്ങളുടെ നോവിനെ കൃത്യമായി പകര്‍ത്തി. കളഭം തരാം, കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍ തുടങ്ങിയ ഗാനങ്ങളില്‍ ഭക്തി തിലതല്ലി. അമ്മമഴക്കാറിന് കണ്‍നിറഞ്ഞു, ഇന്നലെ എന്റെ നെഞ്ചിലേ തുടങ്ങിയ ഗാനങ്ങള്‍ അച്ഛനോടും അമ്മയോടുമുള്ള സ്‌നേഹാദരങ്ങളുടെ ആഴം വ്യക്തമാക്കി. മലയാളികളുടെ സകല വികാരങ്ങളും തീവ്രത ചോരാതെ പകര്‍ത്തുന്നതില്‍ ഗിരീഷ് പുത്തഞ്ചേരിക്ക് ഇന്നും പകരക്കാരില്ല.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0