ശീതള്‍ ദേവിയുടെ കഴിവിന് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം#India
കാലുകൊണ്ട് അമ്പെയ്യുന്ന ശീതൾ ദേവിക്ക് സമ്മാനവുമായി മഹീന്ദ്ര
ഇരുകൈകളുമില്ലാതെ കാലുകൊണ്ട് 2024 ലെ പാരീസ് പാരാലിമ്പിക്സിൽ അമ്പെയ്ത്തിൽ വെങ്കലം നേടി എല്ലാവരെയും അത്ഭുതപ്പെടുത്തിയ പെൺകുട്ടിയാണ് ശീതൾ ദേവി. അവളുടെ കഴിവിനെയും , നിശ്ചയദാർഢ്യത്തിനെയും ആദരിച്ചു കൊണ്ട് ഒരു കാർ സമ്മാനമായി നൽകിയിരിക്കുകയാണ് വ്യവയസായപ്രമുഖനായ ആനന്ദ് മഹീന്ദ്ര. ശീതളിൻ മഹീന്ദ്ര സ്കോർപ്പിയോ എൻ എസ്‌യുവി സമ്മാനിക്കുന്നതിന്റെ ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ മഹീന്ദ്ര തൻ്റെ ആരാധന പ്രകടിപ്പിച്ചിട്ടുണ്ട്.
‘ശീതൾ ദേവിയുടെ കഴിവിനെ ഞാൻ വളരെക്കാലമായി ദൂരെ നിന്ന് നോക്കിക്കാണുന്നു . അവളെ നേരിട്ട് കണ്ടപ്പോൾ, അവളുടെ നിശ്ചയദാർഢ്യവും ദൃഢതയും ശ്രദ്ധയും എന്നെ ഏറെ ആകർഷിച്ചു. അവളുടെ അമ്മയിലും സഹോദരിയിലും അതേ ദൃഢനിശ്ചയം ഞാൻ കാണുന്നു,അവൾ എനിക്ക് ഒരു അമ്പ് സമ്മാനിച്ചു, ഒരു ആർചർ എന്നത് അവളുടെ ഐഡൻ്റിറ്റിയുടെ പ്രതീകമാണ് അത് , അവൾക്ക് ഒരു തരത്തിലുമുള്ള പരിമിതികളില്ല , ശീതൾ നമുക്കെല്ലാവർക്കും ഒരു പ്രചോദനമാണ്, ഈ സ്കോർപ്പിയോ എൻ എസ്‌യുവി സമ്മാനിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ജീവിതത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുന്നതിന് ഇത് അവൾക്ക് ഏറെ സഹായകമാകും’- അദ്ദേഹം എക്‌സിൽ കുറിച്ചു.
ജമ്മു കശ്മീരിലെ കത്രയിൽ വച്ചാണ് ശീതളിന് കാർ കൈമാറിയത്. പാരീസിൽ ഇരുകൈകളുമില്ലാതെ കാലുകൊണ്ട് അമ്പെയ്ത ശീതളിനെ പ്രചോദനത്തിന്റെ ആൾരൂപമായാണ് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പ്രശംസിച്ചത്. ഫോകോമേലിയ എന്ന അപൂർവ വൈകല്യത്തോടെ ജനിച്ച ശീതൾ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയത് .കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രാകേഷ് കുമാറിനൊപ്പം അമ്പെയ്ത്ത് മിക്‌സഡ് ടീം കോമ്പൗണ്ട് ഇനത്തിൽ ശീതൾ ദേവി വെങ്കലം നേടിയിരുന്നു.പാരാലിമ്പിക്സിലെ മികച്ച പ്രകടനത്തിന് പുറമേ, 2022 ലെ ഏഷ്യൻ പാരാ ഗെയിംസിൽ രണ്ട് സ്വർണ്ണ മെഡലുകളും ഒരു വെള്ളിയും, ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ലോക ആർച്ചറി പാരാ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും ശീതൾ നേടിയിട്ടുണ്ട്.