പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വൺ അർദ്ധവാർഷിക പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിൽ വന്ന സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നടപടിയുമായി. തിങ്കളാഴ്ച മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.
പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, പരീക്ഷാ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർ സെക്കൻഡറി പരീക്ഷകളുടെ ചുമതലയുള്ള സെക്രട്ടറി എന്നിവർ പങ്കെടുക്കും. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡിജിപിക്കും വിജിലൻസിനും പരാതി നൽകി. ചോദ്യപേപ്പർ പ്രത്യക്ഷപ്പെട്ട യൂട്യൂബ് ചാനലിനെതിരെ കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
ത്രൈമാസ, അർദ്ധവാർഷിക പരീക്ഷകളുടെ ചോദ്യപേപ്പറുകൾ തയ്യാറാക്കുമ്പോൾ പൊതു പരീക്ഷയുടെ നടപടിക്രമങ്ങൾ സ്വീകരിക്കുന്നില്ല. അത്തരം പരീക്ഷകളുടെ ഫലങ്ങൾ നിർണായകമല്ല. എങ്കിലും നിലവിലെ സംഭവങ്ങളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.
ഹയർ സെക്കൻഡറി അർദ്ധവാർഷിക പരീക്ഷകളുടെ ചോദ്യപേപ്പറുകൾ സംസ്ഥാനത്തിന് പുറത്തുള്ള രഹസ്യ കേന്ദ്രങ്ങളിൽ അച്ചടിച്ച് ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് പതിവ്. പ്രിൻസിപ്പൽമാർ അവിടെ നിന്ന് ശേഖരിക്കും.
8, 9, 10 ക്ലാസുകളിലെ ചോദ്യപേപ്പറുകൾ വിവിധ ഡയറ്റുകളാണ് (ജില്ലാ വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങൾ) തയ്യാറാക്കുന്നത്. പ്രസ്സിൽ നിന്ന് വിവിധ ബിആർസികളിലേക്കും അവിടെനിന്ന് സ്‌കൂളുകളിലേക്കും അയക്കും. 1 മുതൽ 7 വരെയുള്ള ക്ലാസുകളിലെ ചോദ്യപേപ്പറുകൾ എസ്എസ്കെ വർക്ക്ഷോപ്പിൽ തയ്യാറാക്കുന്നു.
പൊതുപരീക്ഷകൾക്കായി ഹയർസെക്കൻഡറി രണ്ടാംവർഷത്തെ അഞ്ച് സെറ്റ് ചോദ്യപേപ്പറുകളും എസ്എസ്എൽസിക്ക് നാല് സെറ്റ് ചോദ്യപേപ്പറുകളും സംസ്ഥാനത്തിന് പുറത്തുള്ള രഹസ്യകേന്ദ്രത്തിൽ അച്ചടിക്കും.