നഗരറോഡുകളിൽ കാൽനടയാത്രക്കാരെയും ഇരുചക്രവാഹനയാത്രക്കാരെയും ഭീതിയിലാഴ്ത്തിക്കൊണ്ട് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. തിരക്കേറിയ റോഡുകളിൽ സുരക്ഷിതമായ നടപ്പാതയില്ലാത്തത് കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്.
നഗരത്തിലെ തിരക്കേറിയ സുൽത്താൻപേട്ട-സ്റ്റേഡിയം റോഡിലും വിക്ടോറിയ കോളേജ്-തരേക്കാട് റോഡിലുമാണ് സ്വകാര്യ ബസുകൾ ഓടുന്നത്. തിരക്കേറിയ റോഡിൻ്റെ ഇരുവശവും അനധികൃത പാർക്കിങ്ങാണ്. നടപ്പാതകൾ വാഹനങ്ങൾ കൈയേറിയതിനാൽ ആളുകൾ റോഡിലൂടെ നടക്കേണ്ട ഗതികേടിലാണ്. തകർന്ന നടപ്പാതകളിലൂടെയുള്ള യാത്രയും അപകടക്കെണിയാണ്. തകർന്ന സ്ലാബുകൾ മാറ്റിസ്ഥാപിക്കാൻ പോലും നഗരസഭാ അധികൃതർ തയ്യാറായിട്ടില്ല. ഹെഡ് പോസ്റ്റ് ഓഫീസ് റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സുൽത്താൻപേട്ട ജങ്ഷനിൽ റെഡ് സിഗ്നൽ ഇല്ലാത്തതും ഇവിടെ ലെഫ്റ്റ് ഫ്രീ ആക്കിയതുമാണ് ബസുകളുടെ അമിതവേഗത്തിന് കാരണം. ജിബി റോഡിൽ നിന്നും സ്റ്റേഡിയം റോഡിൽ നിന്നും വരുന്ന കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പോലും കഴിയുന്നില്ല. എച്ച്‌പിഒ റോഡിൽ നിന്ന് കോർട്ട് റോഡിലേക്ക് നേരിട്ട് പ്രവേശനമില്ലാത്തതിനാൽ ഇരുചക്രവാഹനങ്ങൾ സ്റ്റേഡിയം റോഡിലേക്ക് തിരിഞ്ഞയുടൻ യു-ടേൺ ചെയ്യുന്നത് അപകടത്തിന് കാരണമാകുന്നു. നടപ്പാതകളിൽ ബാരിക്കേഡുകളില്ല.
സുൽത്താൻപേട്ട ജങ്ഷനിലെ സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കണമെന്നും നടപ്പാതകൾ നവീകരിച്ച് ബാരിക്കേഡുകൾ സ്ഥാപിച്ച് കാൽനട യാത്ര സുരക്ഷിതമാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.