ആമസോൺ വഴി പുതിയ രീതിയിൽ തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യക്കാർ മംഗളൂരുവിൽ അറസ്റ്റിൽ. രണ്ട് രാജസ്ഥാൻ സ്വദേശികളെയാണ് മംഗളൂരുവിലെ ഉർവ പൊലീസ് പിടികൂടിയത്. എട്ട് സംസ്ഥാനങ്ങളിൽ നിന്നായി 1.29 കോടി രൂപയുടെ സാധനങ്ങൾ തട്ടിയ ഇവർ ഇതെല്ലാം മറിച്ച് വിറ്റതായും പൊലീസ് കണ്ടെത്തി. ആമസോൺ ഡെലിവറി എക്സിക്യൂട്ടീവിനെ പറ്റിക്കുന്ന തരം തട്ടിപ്പാണ് രാജസ്ഥാൻ സ്വദേശികളായ രാജ് കുമാർ മീണ, സുഭാഷ് ഗുർജർ എന്നീ യുവാക്കൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി പല സംസ്ഥാനങ്ങളിലായി നടത്തി വന്നത്.
ഇവരുടെ തട്ടിപ്പിന്‍റെ രീതി പൊലീസ് വിശദീകരിക്കുന്നതിങ്ങനെയാണ്.
കള്ളപ്പേരിൽ ഓരോ ഇടങ്ങളിൽ ഹോം സ്റ്റേകളിലോ സർവീസ് അപ്പാർട്ട്മെന്‍റുകളിലോ ആയി ഇവർ മുറിയെടുക്കും. എന്നിട്ട് ആമസോണിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ ഓർഡർ ചെയ്യും. മാക് ബുക്കും ഐഫോണും സോണി ക്യാമറയും അങ്ങനെ വാങ്ങുന്നവയെല്ലാം വില പിടിപ്പുള്ളവ. ഇവയെല്ലാം ക്യാഷ് ഓൺ ഡെലിവറിയായിട്ടാകും ഓർഡർ ചെയ്യുക. ഡെലിവറി എക്സിക്യൂട്ടീവ് സാധനങ്ങളുമായി എത്തിയാൽ ഒരാൾ വാതിൽ തുറന്ന് സാധനങ്ങൾ വാങ്ങി അകത്തേക്ക് പോകും. രണ്ടാമൻ ഡെലിവറി ഒടിപി നൽകാനെന്ന പേരിൽ വാതിലിനരികെ നിൽക്കും. ഒടിപി വന്നില്ലെന്നോ, തെറ്റായ ഒടിപിയാണെന്നോ ഒക്കെ പറഞ്ഞ് രണ്ടാമൻ ഡെലിവറി എക്സിക്യൂട്ടീവിനെ ആശയക്കുഴപ്പത്തിലാക്കും.