മലയാള സിനിമയിൽ നിന്ന് കേട്ട കഥകൾ ഭയപ്പെടുത്തുന്നതാണ്- സുമലത... #Sumalatha

 


 മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായതായി താൻ കേട്ടിട്ടുണ്ടെന്നും അനുഭവങ്ങൾ തന്നോട് പലരും പങ്ക് വച്ചിട്ടുണ്ടെന്നും നടിയും മുൻ എംപിയുമായ സുമലത. പവർ ​ഗ്രൂപ്പുകൾ എല്ലാ ഇൻഡസ്ട്രികളിലുമുണ്ടെന്നും സുമതല പറയുന്നു. സിനിമയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അത് ​ഗൗരവത്തോടെ എടുക്കണമെന്നും സുമലത പറഞ്ഞു.

ഡബ്ല്യുസിസിക്ക് അഭിനന്ദനങ്ങൾ. ഇത് ചരിത്രത്തിലെ സുപ്രധാന നിമിഷമാണ്. ഇതെല്ലാം പരസ്യമായ രഹസ്യങ്ങളായിരുന്നു. ഇന്ന് ഒരുപാട് സ്ത്രീകൾ മുന്നോട്ട് വന്ന് അത് തുറന്ന് പറയുന്നു.

ഞാൻ ജോലി ചെയ്ത പല സെറ്റുകൾ കുടുംബം പോലെയായിരുന്നു. പക്ഷേ മലയാള സിനിമയിൽ വളരെ പേടിപ്പെടുത്തുന്ന കഥകൾ കേട്ടിട്ടുണ്ട്. അവസരങ്ങൾക്കായി സഹകരിക്കണമെന്നും ഇല്ലെങ്കിൽ ഉപദ്രവിക്കുമെന്നും പറഞ്ഞ് ചിലർ ഉപദ്രവിക്കുന്നുവെന്ന് പല സ്ത്രീകളും എന്നോട് തന്നെ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. അന്ന് ഇതെല്ലാം തുറന്ന് പറയാൻ പേടിയായിരുന്നു. തുറന്ന് പറയുന്നവരെ മോശക്കാരാക്കുന്ന കാലമായിരുന്നു. ഇന്നത് മാറി.

എനിക്ക് ഇത്തരം സംഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ ഇൻഡസ്ട്രിയിൽ അങ്ങനെ ഒരു സംഭവമേ നടക്കുന്നില്ല എന്ന് പറയാൻ എനിക്ക് സാധിക്കില്ല. മറ്റുള്ളവർ പറയുന്ന കഥകൾ കേട്ടിട്ടുണ്ട്. സിനിമാ മേഖലയിൽ ഒറ്റയ്ക്ക് ഹോട്ടലിൽ താമസിക്കുന്ന നടിമാരുടെ കതകിലിടിക്കുന്ന സംഭവമൊക്കെ ഞാൻ മുമ്പും കേട്ടിട്ടുള്ളതാണ്. ഇത്തരക്കാർക്കെതിരേ ശക്തമായി പ്രതികരിക്കണം .

എല്ലാ ഇൻഡസ്ട്രികളിലും പവർ ഗ്രൂപ്പുകളുണ്ട്. സിനിമയിൽ മാത്രമല്ല, രാഷ്ട്രീയത്തിലുമില്ലേ അത്തരം ഗ്രൂപ്പുകൾ?. അതിലപ്പുറം സ്ത്രീസുരക്ഷയ്ക്കായി കൃത്യം നിയമങ്ങൾ കൊണ്ട് വരിക എന്നതാണ് പ്രധാനം അത് തെറ്റിക്കുന്നവർക്ക് കർശനശിക്ഷ ഉറപ്പാക്കണം-സുമലത വ്യക്തമാക്കി.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0