മലയാള സിനിമയിലെ പുതിയ സംഘടനയേക്കുറിച്ച് കൂടുതൽ വ്യക്തതവരുത്തി സംവിധായകൻ ആഷിഖ് അബു. പ്രോഗ്രസീവ് മലയാളം ഫിലിം മേക്കേഴ്സ് അസോസിയേഷൻ എന്നതാണ് സംഘടനയുടെ ആശയമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം പറഞ്ഞു. സംഘടന ഔദ്യോഗികമായി നിലവിൽ വന്നതിനുശേഷം മറ്റൊരു പേര് സ്വീകരിക്കും. നിർമാതാവ് മുതൽ പോസ്റ്റർ ഒട്ടിക്കുന്നവർ വരെ ഫിലിം മേക്കേഴ്സ് ആണ് എന്നതാണ് കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
സിനിമയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഭരണസമതിയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ആഷിഖ് അബു കുറിപ്പിൽ വ്യക്തമാക്കി. സംഘടന നിലവിൽ വന്നതിനുശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും. അതുവരെ ഒരു താത്കാലിക കമ്മിറ്റി പ്രവർത്തിക്കും. അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂർണരൂപം പ്രാപിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
"വാർത്തകളിൽ പ്രചരിക്കുന്ന കാര്യങ്ങൾ, സംഘടനയുടെ ആലോചനാഘട്ടത്തിൽ പുറത്തായ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുവായ ആശയ രൂപീകരണത്തിന് കൈമാറിയ കത്താണ് അനൗദ്യോഗികമായി പുറത്തായത്. ചർച്ചയിൽ പങ്കെടുത്ത ആളുകളുടെ പേരുകൾ ആ കത്തിൽ ഉണ്ടായിരുന്നതു കൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു. ഇതുവരെ രൂപീകരിക്കാത്ത ‘സംഘടനയിൽ’ ‘ഭാരവാഹികൾ’ എന്ന പേരിൽ കത്തിൽ പേരുണ്ടായവരുടെ ചിത്രങ്ങൾ സഹിതം വാർത്തകൾ വരികയും ചെയ്തു. ഈ ഘട്ടത്തിൽ ഒരു ഔദ്യോഗിക വിശദീകരണം ആവശ്യമാണ് എന്നതിനാലാണ് ഈ അറിയിപ്പ്."–കുറിപ്പ് ഇങ്ങനെ തുടരുന്നു.
സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, കമൽ കെഎം, അജയൻ അടാട്ട് എന്നിവരുടെ പേരിലാണ് വാർത്താ കുറിപ്പ് പുറത്തുവിട്ടത്. നേരത്തെ ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി, അഞ്ജലി മേനോൻ, ബിനീഷ് ചന്ദ്ര തുടങ്ങിയവരുടെ നേതൃത്വത്തിൽ പുതിയ മലയാള സിനിമാ സംഘടന രൂപീകരിക്കുന്നതായാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ നിലവിൽ താൻ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷനിൽ ഇല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയിരുന്നു.