ബി.എസ്.എൻ.എല്ലിനെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസർക്കാർ 6000 കോടി നൽകും... #BSNL

 

 


 പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിനെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസർക്കാർ 6000 കോടി നൽകും. 4ജി നെറ്റ്‍വർക്ക് വ്യാപിപ്പിക്കാനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനാണ് പണം നൽകുന്നത്. 4ജി സേവനം വ്യാപിപ്പിക്കാത്തതിനാൽ ബി.എസ്.എൻ.എല്ലിന് വൻതോതിൽ ഉപഭോക്താക്കളെ നഷ്ടമായിരുന്നു.

ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ നീക്കം. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസാണ് ബി.എസ്.എൻ.എല്ലിൽ 6000 കോടി നിക്ഷേപിക്കുക. കേന്ദ്രസർക്കാറിന്റെ അനുമതിക്കായി ടെലി​കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഉടൻ ​അപേക്ഷ സമർപ്പിക്കുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ബി.എസ്.എൻ.എലിന് 4ജി സേവനം വ്യാപിക്കുന്നതിന് 19,000 കോടി രൂപയാണ് ആവശ്യം. ഒരു ലക്ഷം സ്ഥലങ്ങളിൽ 4ജി സേവനം വ്യാപിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ടാറ്റ കൺസൾട്ടൻസി സർവീസ്, ഐ.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങൾക്ക് 13,000 കോടിയുടെ ഓർഡർ ബി.എസ്.എൻ.എൽ നൽകിയിരുന്നു. ബാക്കിയുള്ള 6000 കോടിയുടെ ഓർഡർ നൽകുന്നതിന് വേണ്ടിയാണ് ഇപ്പോൾ കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനത്തെ സഹായിക്കുന്നത്.

ഇതുവരെ ബി.എസ്.എൻ.എല്ലിലും എം.ടി.എൻ.എല്ലിലും 3.22 ലക്ഷം കോടി കേന്ദ്രസർക്കാർ നിക്ഷേപിച്ചിട്ടുണ്ട്. 2019 മുതൽ ബി.എസ്.എൻ.എല്ലിനായി മൂന്ന് പുനരുജ്ജീവന പാക്കേജുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്.

നിലവിൽ വളരെ കുറഞ്ഞ ഉപഭോക്താക്കൾക്ക് മാത്രമാണ് ബി.എസ്.എൻ.എൽ 4ജി സേവനം നൽകുന്നത്. 22,000 ബേസ് സ്റ്റേഷനുകളിൽ മാത്രമാണ് 4ജി സേവനം ലഭ്യമായിട്ടുള്ളത്. ദേശീയതലത്തിൽ ഒരു ലക്ഷം കേന്ദ്രങ്ങളിൽ 2025 പകുതിയോടെ 4ജി നൽകാനാണ് ബി.എസ്.എൻ.എൽ നീക്കം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0