ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വവും തകര്‍ന്ന വയനാട്ടില്‍ നിന്ന് നാലാം നാളിലെ തിരച്ചിലില്‍ അതിജീവനത്തിന്റെ ശുഭവാര്‍ത്ത. ജീവനോടെ ആരും ഇനി അവശേഷിക്കുന്നില്ലെന്നും കഴിയാവുന്നവരെയെല്ലാം രക്ഷിച്ചെന്നും സൈന്യവും സര്‍ക്കാരും പറഞ്ഞ ദുരന്തമേഖലയില്‍ നിന്ന് ഇന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിലാണ് നാലുപേരെ കണ്ടെത്തിയത്. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നതെന്ന് സൈന്യം അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ കാലിന്റെ പരുക്ക് ഗുരുതരമാണെന്ന് സൈന്യം അറിയിച്ചു. ഇവരെ എയര്‍ ലിഫ്റ്റിംഗ് ചെയ്ത് രക്ഷപ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്.
ഒരു കുടുംബത്തിലെ നാലുപേരെയാണ് രക്ഷിച്ചിരിക്കുന്നത്. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ കുടുംബത്തെയാണ് രക്ഷിച്ചത്. കഞ്ഞിരിക്കത്തോട്ട് തൊട്ടിയില്‍ ജോണ്‍, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷിച്ചത്. ഈ കുടുംബത്തെ കാണാനില്ലെന്ന് ബന്ധു നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവരെ കണ്ടെത്തിയത്. ഉരുള്‍പൊട്ടല്‍ ഇവരെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ഈ കുടുംബം ഒറ്റപ്പെട്ടുപോകുകയായിരുന്നു. കുടുംബത്തില്‍ ആറുപേരുണ്ടായിരുന്നെന്ന് അയല്‍വാസി ട്വന്റിഫോറിനോട് പറഞ്ഞു. ഈ കുടുംബത്തോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ ഫയര്‍ ഫോഴ്‌സ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആ സമയത്ത് അവര്‍ മാറാന്‍ തയാറാകാതിരിക്കുകയായിരുന്നു.
ഉരുള്‍പൊട്ടല്‍ ഈ കുടുംബത്തെ നേരിട്ട് ബാധിച്ചിരുന്നില്ലെങ്കിലും ഉരുള്‍പൊട്ടല്‍ തകര്‍ത്ത വെള്ളാര്‍മല സ്‌കൂളിന് സമീപമുള്ള കുന്നിന്‍ പ്രദേശത്താണ് ഇവര്‍ ഒറ്റപ്പെട്ടുപോയത്. ഉരുള്‍പൊട്ടല്‍ വന്നതോടെ വാഹനങ്ങള്‍ ആ പ്രദേശത്ത് എത്തിക്കാന്‍ സാധിച്ചില്ല.