നാടിന് തീരാനോവായി പ്രിയപ്പെട്ടവര്‍; കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി... #Kerala_News

 


കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി സംസ്‌കരിക്കും. തിരുവനന്തപുരം സ്വദേശികളായ അരുണ്‍ ബാബുവിനും ശ്രീജേഷിനും കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പാണ് ഇന്ന് ജന്മനാട് നല്‍കിയത്.

ആര്യനാട് ഉഴമലയ്ക്കല്‍ സ്വദേശിയാണ് അരുണ്‍ബാബു. വര്‍ക്കല ഇടവ സ്വദേശിയാണ് ശ്രീജേഷ്. തീപിടുത്തത്തില്‍ പത്തനംതിട്ടയ്ക്ക് ആറു പേരുടെ ജീവനാണ് നഷ്ടമായത്. ജില്ലാ ഭരണകൂടത്തിനായി കളക്ടര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. പ്രമാടം വാഴമുട്ടം സ്വദേശി മുരളീധരന്‍ നായരുടെ മൃതദേഹം സംസ്‌കരിച്ചു. പന്തളംമുടിയൂര്‍ക്കോണം സ്വദേശി ആകാശ് ശശിധരന്റെ സംസ്‌കാരം നാളെ നടക്കും.

മേപ്രാല്‍ സ്വദേശി തോമസ് സി ഉമ്മന്റെ സംസ്‌കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് മേപ്രാല്‍ സെന്റ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ ആണ് നടക്കുക. അട്ടചാക്കല്‍ സ്വദേശി സജു വര്‍ഗീസ്,കീഴ്വായ്പൂര്‍ സ്വദേശി സിബിന്‍ എബ്രഹാം ,എന്നിവരുടെ സംസ്‌കാരം തിങ്കളാഴ്ചയാണ്. കൊല്ലം പുനലൂര്‍ സ്വദേശി സാജന്റെയും വെളിച്ചില്‍ക്കാല സ്വദേശി ലൂക്കോസിന്റെയും മൃതദേഹങ്ങള്‍ നാളെ അടക്കം ചെയ്യും. ശൂരനാട് വയ്യാങ്കര സ്വദേശി ഷമീറിന്റെയും സുമേഷിന്റെയും മൃതദേഹം സംസ്‌കരിച്ചു.

മരിച്ച കോട്ടയം സ്വദേശികളില്‍ 3 പേരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹം ഞായറാഴ്ച സംസ്‌കരിക്കും. പാമ്പാടി സ്വദേശി സ്റ്റെഫിന്റെയും പായിപ്പാട് സ്വദേശി ഷിബുവിന്റെയും സംസ്‌കാരം തിങ്കളാഴ്ചയാണ്. മലപ്പുറത്ത് തിരൂര്‍ കൂട്ടായി സ്വദേശി നൂഹിന്റെയും, പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്റെയും മൃതദേഹം സംസ്‌കരിച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ മൃതദേഹം കുന്നംകുളം വി നാഗല്‍ ബെറിയല്‍ സെമിത്തേരിയില്‍ നടന്നു.

MALAYORAM NEWS is licensed under CC BY 4.0