ആരും തോൽപ്പിക്കില്ലെന്ന് കരുതിയ സ്മൃതി ഇറാനി അമേഠിയിൽ തോറ്റത് എങ്ങനെ?... #Election2024

ഒരിക്കൽ ഗാന്ധി കുടുബത്തിൻ്റെ കുത്തക മണ്ഡലമായിരുന്ന അമേഠിയിൽ ഇത്തവണ മത്സരിക്കാൻ രാഹുൽ ഗാന്ധിയോ, പ്രിയങ്കയോ തയ്യാറായിരുന്നില്ല. 2019ൽ നേരിട്ട തോൽവിയുടെ കയ്പുതന്നെയായിരുന്നു ഗാന്ധി കുടുബത്തിൻ്റെ പിന്മാറ്റത്തിൻ്റെ കാരണം. പകരക്കാരനായി കോൺഗ്രസ് കണ്ടെത്തിയത് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ കിഷോരി ലാൽ ശർമ്മയെ ആയിരുന്നു. വലിയ സസ്പെൻസ് നിലനിർത്തിയായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം. എന്നാൽ കിഷോരി ലാൽ ഗാന്ധി കുടുംബത്തിൻ്റെ പ്യൂൺ ആണന്നും ദുർബലനായ സഅഥാനാർഥിയാണ് എന്നൊക്കെയായിരുന്നു എതിരാളികൾ പ്രചരിപ്പിച്ചത്. അപ്പോഴൊക്കെയും ഞാൻ കരുത്തനാണ്, എനിക്ക് ജനങ്ങളെയറിയാം, ഞാൻ വിജയിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രചാരണങ്ങളുമായി മുന്നോട്ടു പോവുകയാണ് അദ്ദേഹം ചെയ്തത്. പറഞ്ഞതുപോലെ തന്നെ കിഷോരി ലാൽ ബിജെപിയിൽ നിന്നും, സ്മൃതി ഇറാനിയിൽ നിന്നും അമേഠിയെ തിരിച്ചുപിടിച്ചു. അതും 164331 വോട്ടിൻ്റെ വ്യക്തമായ ഭൂരിപക്ഷത്തിൽ.

2019ൽ 55,000ൽ അധികം വോട്ടുകൾക്കാണ് രാഹുൽ ​ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്. 49.71% വോട്ടു വിഹിതമാണ് അന്ന് ബിജെപി നേടിയത്. 2014ൽ അമേഠിയിൽ മത്സരിച്ച് രാഹുൽ ഗാന്ധിയോട് ഏറ്റുമുട്ടി പരാജയപ്പെട്ട സ്മൃതി മണ്ഡലത്തിൽ തൻ്റെ പ്രവർത്തനം കേന്ദ്രീകരിച്ചു. ഗാന്ധി കുടുംബം വിജയിച്ച ശേഷം മണ്ഡലത്തിൽ തിരിഞ്ഞു നോക്കാറില്ലെന്നതായിരുന്നു ബി.ജെ.പിയുടെ ആരോപണം. 2019ൽ തെരഞ്ഞടുപ്പിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ അട്ടിമറി വിജയം നേടിയ ശേഷവും സ്മൃതി ഇറാനി അമേഠിയിലെ പ്രവർത്തനം തുടർന്നു. കേന്ദ്രമന്ത്രി സ്ഥാനം അതിനൊരിക്കലും തടസ്സമായിരുന്നില്ല. മവായ് ഗ്രാമത്തിൽ സ്വന്തമായി ഒരു വീടുപോലും സ്മൃതി ഇറാനി നിർമ്മിച്ചു. ഫെബ്രുവരി 22ന് വീടിൻ്റെ ഗൃഹപ്രവേശനവും നടത്തി.
MALAYORAM NEWS is licensed under CC BY 4.0