ഒരു വയസ്സുള്ള കുഞ്ഞിന് അമ്മയുടെ ക്രൂരമര്‍ദനം. ആലപ്പുഴ മാന്നാറിലാണ് സംഭവം. മര്‍ദന ദൃശ്യങ്ങള്‍ അമ്മ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി കുഞ്ഞിന്റെ അച്ഛന് അയച്ചുനല്‍കുകയുംചെയ്തു.
കുട്ടംപേരൂര്‍ സ്വദേശിനിയായ യുവതിയാണ് ഒരുവയസ്സുള്ള മകനെ നിരന്തരം മര്‍ദിച്ചത്. 'ദേണ്ടേ കാണ്, കണ്ട് രസിക്ക്' എന്നുപറഞ്ഞ് യുവതി കുഞ്ഞിനെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അടിയേറ്റ് നിര്‍ത്താതെ കരയുന്ന കുഞ്ഞിനെ ഇവര്‍ വീണ്ടും വീണ്ടും മര്‍ദിക്കുന്നതും ദൃശ്യങ്ങിലുണ്ട്.
''നിന്റെ നക്കാപ്പിച്ചയ്ക്കും നീ എന്നോട് കാണിക്കുന്ന നന്ദിയ്ക്കും നിന്റെ മോനെ ഇങ്ങനയെ നോക്കാന്‍ പറ്റത്തുള്ളൂവടാ. നീ കൊണ്ട് കേസ് കൊടുക്ക്, നീ കേസ് കൊടുക്കണം, നീ ആയിട്ട് കേസിന് പോണം. എനിക്ക് അതാണ് ആവശ്യം'' ഇങ്ങനെ പറഞ്ഞാണ് യുവതിയുടെ മര്‍ദനം.
സംഭവം പുറത്തറിഞ്ഞതോടെ യുവതിയെ മാന്നാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ട്. അതേസമയം, ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ കുഞ്ഞ് ബന്ധുക്കളുടെ സംരക്ഷണയിലാണെന്നുമാണ് വിവരം.
തിരുവനന്തപുരം സ്വദേശിയായ യുവാവാണ് പ്രതിയായ യുവതിയുടെ ഭര്‍ത്താവ്. ഇരുവരുടെയും പുനര്‍വിവാഹമായിരുന്നു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് യുവതി പൊതിരെത്തല്ലിയത്. ഇതിനിടെ യുവാവ് അടുത്തിടെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നതായാണ് വിവരം. ഇതിന്റെ പകയിലാണ് യുവതി കുഞ്ഞിനെ മര്‍ദിച്ചതെന്നും പോലീസ് പറയുന്നു.