നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നവരെ കാത്തിരിക്കുന്നത് വൻ പണി.. കർശന നടപടികളുമായി സർക്കാർ.. #StrictActionAgainstThoseWhoChargeExcessivePricesForDailyUseItems

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.  പലയിടത്തും നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വൻ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
 
എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കും മുന്നിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം.  കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിർത്താൻ വകുപ്പുകൾ സഹകരിച്ച് പ്രവർത്തിക്കണം.  ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന കർശനമാക്കണം.  പൂഴ്ത്തിവെപ്പ് പൂർണമായും ഒഴിവാക്കണം.  കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ നേരിട്ട് പരിശോധന നടത്തണം.  പോലീസ് ഇടപെടൽ ഉണ്ടാകണം.  നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ ഹോർട്ടികോർപ്പ്, കൺസ്യൂമർഫെഡ്, സിവിൽ സപ്ലൈസ് എന്നിവ ഫലപ്രദമായി വിപണിയിൽ ഇടപെടണം.  സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ ഓണച്ചന്തകൾ നേരത്തെ തുടങ്ങണം.

  എല്ലാ സ്ഥലങ്ങളിലും ഗുണനിലവാര നിയന്ത്രണം നടത്തണം.  വിവിധ മേഖലകളിൽ ഒരേ സാധനത്തിന്റെ വില വ്യത്യാസം വ്യാപാരി സമൂഹവുമായി ജില്ലാ കലക്ടർമാർ ചർച്ച ചെയ്ത് പരിഹാരം കാണണം.  ഏറ്റക്കുറച്ചിലുകൾ പരിഹരിച്ച് ഏകീകൃത വില കൊണ്ടുവരാൻ ശ്രമിക്കണം.  ജില്ലാ കളക്ടർമാർ ആഴ്ചയിൽ ഒരിക്കലെങ്കിലും നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം അവലോകനം ചെയ്യണം.  ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ 10 ദിവസത്തിലൊരിക്കൽ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേരണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.