Government Services എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Government Services എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇടനിലക്കാരെ ഒഴിവാക്കും! മോട്ടോർ വാഹനവകുപ്പിന്റെ 60 സേവനങ്ങൾ തിങ്കളാഴ്‌ച മുതൽ ആധാർ അധിഷ്ഠിതം; അറിയേണ്ടതെല്ലാം #MVDServices

Post Image
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ 60 പ്രധാന സേവനങ്ങൾ തിങ്കളാഴ്‌ച മുതൽ പൂർണ്ണമായും ആധാർ അധിഷ്ഠിതമാകും. ഏജന്റുമാരുടെ ചൂഷണം തടയുന്നതിനും സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുതിയ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്. വാഹനസംബന്ധമായ സേവനങ്ങൾക്കുള്ള 'വാഹൻ' പോർട്ടലും, ഡ്രൈവിങ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾക്കുള്ള 'സാരഥി' പോർട്ടലും വഴിയുള്ള അപേക്ഷകളാണ് ഇനി ആധാർ ബന്ധിതമാവുക.

നിലവിൽ 21 സേവനങ്ങൾ മാത്രമാണ് നേരിട്ട് ഹാജരാകാതെ ഓൺലൈനായി ലഭ്യമായിരുന്നത്. ബാക്കിയുള്ളവയിൽ കൃത്യമായ ഒ.ടി.പി. പരിശോധന ഇല്ലാത്തത് ഇടനിലക്കാർക്ക് അപേക്ഷകരെ ചൂഷണം ചെയ്യാൻ അവസരമൊരുക്കിയിരുന്നു. അപേക്ഷകൾ മനഃപൂർവം വൈകിപ്പിച്ച് പണം വാങ്ങി വേഗത്തിൽ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്ന പ്രവണതക്ക് പുതിയ മാറ്റത്തോടെ അറുതി വരും. ആധാർ രജിസ്റ്ററുമായി ബന്ധിപ്പിച്ച ഉടമയുടെ ഫോൺ നമ്പറിലേക്ക് മാത്രമേ ഇനിമുതൽ ഒ.ടി.പി. എത്തുകയുള്ളൂ. ഏജന്റുമാർ സ്വന്തം നമ്പർ നൽകി അപേക്ഷകൾ പൂർത്തിയാക്കിയിരുന്ന സമ്പ്രദായം ഇതോടെ ഇല്ലാതാകും.

പുതിയ ക്രമീകരണം നിലവിൽ വരുന്നതോടെ അപേക്ഷകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിലാകും തീർപ്പാക്കുക. വാഹന പരിശോധന, അനന്തരാവകാശികളെ തിരിച്ചറിയൽ, വ്യക്തിഗത വാദം കേൾക്കൽ എന്നിവക്ക് ഒഴികെ മറ്റാവശ്യങ്ങൾക്കായി ഇനി ഓഫിസുകളിൽ പോകേണ്ടതില്ല. ഇത്തരം ആവശ്യങ്ങൾക്കുള്ള സ്ലോട്ടുകൾ 'നമ്മുടെ കേരളം' പോർട്ടൽ വഴി ഓൺലൈനായി ബുക്ക് ചെയ്യാം. വ്യക്തിഗത വാദം കേൾക്കലിന് പോർട്ടലിലെ 'വി മീറ്റ്' സംവിധാനത്തിലൂടെ വീഡിയോ കോൾ വഴിയും ഹാജരാകാവുന്നതാണ്. ഓൺലൈൻ അപേക്ഷകളുടെ പകർപ്പുകൾ ഓഫിസുകളിൽ സമർപ്പിക്കേണ്ടതില്ല എന്നതും ഈ മാറ്റത്തിന്റെ പ്രത്യേകതയാണ്.

ആധാർ അധിഷ്ഠിത സേവനങ്ങൾ അട്ടിമറിക്കാൻ മുൻപും ശ്രമങ്ങൾ നടന്നിട്ടുള്ളതിനാൽ ഏറെ കരുതലോടുകൂടിയാണ് ഗതാഗത കമ്മീഷണറേറ്റ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഏജന്റുമാരുടെ ഇടപെടൽ കുറയുന്നതോടെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന 'കൈമടക്ക്' മുടങ്ങുമെന്നതിനാൽ ഓഫിസുകളിൽ മെല്ലപ്പോക്ക് ഉണ്ടാകുമോ എന്ന ആശങ്കയുമുണ്ട്. ഓൺലൈനിലെത്തുന്ന അപേക്ഷകളിൽ മനഃപൂർവമായ കാലതാമസം വരുത്തുന്നതായി നിലവിൽ തന്നെ ആക്ഷേപങ്ങൾ ഉയർന്നിട്ടുള്ള സാഹചര്യത്തിൽ, പുതിയ സംവിധാനം എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം.


Hashtags: #KeralaMVD #AadhaarServices #OnlineServices #MotorVehicleDepartment #DigitalKerala #Egovernance #Sarathi #Vahan
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0