കേരള സർവകലാശാലയിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കുന്നു; പിന്നിൽ യുഡിഎഫ്-ഗവർണർ ഒത്തുകളിയെന്ന് ആക്ഷേപം #StudentPolitics

Post Image
തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യവും അവകാശ സമരങ്ങളും പൂർണ്ണമായും നിരോധിക്കാൻ യുഡിഎഫ് സർക്കാരും ഗവർണറും ചേർന്ന് തയ്യാറാക്കിയ പദ്ധതി പ്രാബല്യത്തിലേക്ക്. സർവകലാശാലയുടെയും അഫിലിയേറ്റഡ് കോളേജുകളുടെയും പഠനവകുപ്പുകളുടെയും സ്വാശ്രയ സ്ഥാപനങ്ങളുടെയും ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കാൻ യുഡിഎഫ് അനുകൂല സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച നിയമ ഭേദഗതിയുടെ കരടിന് ബുധനാഴ്ച ചേർന്ന സിൻഡിക്കറ്റ് യോഗം അംഗീകാരം നൽകി.

'വിദ്യാർത്ഥികൾക്കുള്ള പെരുമാറ്റച്ചട്ടം 2026' എന്ന പേരിൽ പുറത്തിറക്കിയ ഭേദഗതി വ്യവസ്ഥകൾ പ്രകാരം വിദ്യാർത്ഥികൾ സംഘടിക്കുന്നത് ഗുരുതര കുറ്റമാണ്. പ്രകടനങ്ങൾ നടത്തുക, യോഗം ചേരുക, സോഷ്യൽ മീഡിയയിലും പുറത്തും രാഷ്ട്രീയ ആശയ പ്രചാരണം നടത്തുക തുടങ്ങിയവ പോലും നിരോധിക്കണമെന്ന് ഭേദഗതി നിർദ്ദേശിക്കുന്നു. സംഘടനാപ്രവർത്തനത്തെ ഗുരുതര അച്ചടക്ക ലംഘനമായി കണക്കാക്കും. അവകാശങ്ങൾക്കായി വിദ്യാർത്ഥികൾക്ക് സമരം ചെയ്യാനോ മുദ്രാവാക്യം വിളിക്കാനോ പോലും അനുവാദമില്ല. ക്യാമ്പസിന് പുറത്ത് വിദ്യാർത്ഥികൾ സംഘടിക്കുന്നതിനും വിലക്കേർപ്പെടുത്തും.

നിരോധനം ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കടുത്ത നടപടിക്കാണ് നിർദ്ദേശം. വിദ്യാർത്ഥി സംഘടനാപ്രവർത്തനത്തിൽ ഏർപ്പെടുന്നത് ശിക്ഷാർഹമാണ്. പോസ്റ്ററുകൾ പതിച്ചാലോ ചുവരെഴുതിയാലോ കനത്ത തുക പിഴ ഈടാക്കും. നാശനഷ്ടം വരുത്തിയെന്ന് ആരോപിച്ച് വിദ്യാർത്ഥിക്ക് 5000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് പിഴ ചുമത്തുക. പിഴ അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറിയിലൂടെ ഈടാക്കുകയും സ്വത്ത് കണ്ടുകെട്ടുകയും പരീക്ഷാഫലം തടഞ്ഞുവയ്ക്കുകയും ചെയ്യും. പ്രിൻസിപ്പലിന്റെ തീരുമാനം അനുസരിച്ച് ഒരു മറുചോദ്യവുമില്ലാതെ വിദ്യാർത്ഥിയെ പുറത്താക്കാനും വ്യവസ്ഥയുണ്ട്.

ഗവർണർ തുടരുന്ന കാവിവൽക്കരണ നടപടികൾക്കെതിരെയും അതിന് മൗനാനുവാദം നൽകുന്ന സംസ്ഥാന സർക്കാരിനെതിരെയും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ശക്തമായതോടെയാണ് ഈ നീക്കം. രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് ചേരാത്ത വന്ദേമാതരത്തിന്റെ പൂർണ്ണരൂപം സർവകലാശാല പരിപാടികളിൽ പതിവാകുന്നതും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് വിളിച്ചുചേർത്ത യോഗത്തിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ ഉൾപ്പെടെയുള്ളവർ പങ്കെടുത്തതും ഇതിനിടയിൽ ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.


Hashtags: #KeralaUniversity #StudentPolitics #CampusBan #UDF #Governor #KeralaNews #Education #StudentsRights #SyndicateDecision
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0