നിതിൻ രാജ് കേസ് നിർണ്ണയഘട്ടത്തിൽ: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. #Investigation

Post Image
കണ്ണൂർ : അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജീവൻ ജോർജിനെയാണ് കോഴിക്കോട് നർകോട്ടിക് സെല്ലിലേക്ക് മാറ്റി നിയമിച്ചത്. കേസ് അന്വേഷണം നിർണ്ണായകമായ ഘട്ടത്തിൽ എത്തിനിൽക്കെ, പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയിരുന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം ഏറെ ചർച്ചയായിരിക്കുകയാണ്. നേരത്തെ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി നിതിൻ രാജിന്റെ കുടുംബം ആരോപിച്ചിരുന്നു.

ഒന്നാം പ്രതിയായ ഡോ. എം കെ റാമിന് പുറമെ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ രണ്ട് അധ്യാപകരെ കൂടി കഴിഞ്ഞ ദിവസം കേസിൽ പ്രതി ചേർത്തിരുന്നു. കർശന ഉപാധികളോടെയാണ് ഒന്നാം പ്രതിയായ എം കെ റാമിന് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള ഉപാധികളാണ് കോടതി റാമിന് മേൽ വെച്ചത്. നേരത്തെ എം കെ റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

ഒരവസരത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് നീക്കണമെന്ന് വരെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിരുന്നു. അറസ്റ്റ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താതിരുന്നതിനാൽ ആദ്യഘട്ടത്തിൽ റാമിനെ കോടതി വിട്ടയക്കുകയായിരുന്നു. അറസ്റ്റിന്റെ കാരണങ്ങൾ ബോധ്യപ്പെടുത്തി എഴുതി നൽകണമെന്ന വാദം അന്ന് കോടതി അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ കോടതി പരിസരത്ത് നിന്ന് പൊലീസ് റാമിനെ ബലമായി കസ്റ്റഡിയിലെടുത്തതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനാണ് ജീവനൊടുക്കിയത്. കോളേജ് കെട്ടിടത്തിൽ നിന്ന് ചാടുകയായിരുന്നു. അധ്യാപകരിൽ നിന്നുണ്ടായ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.


Hashtags: #NithinRajCase #Ancharakandy #KannurNews #CrimeKerala #InvestigationTransfer #StudentSuicide
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0