ഡൽഹിയിൽ പേമാരി: നഗരം വെള്ളത്തിനടിയിൽ, വിമാന സർവീസുകൾ മുടങ്ങി, റെഡ് അലർട്ട് #DelhiRain

Post Image
ഡൽഹിയിൽ വെള്ളിയാഴ്ച പെയ്ത കനത്ത മഴ നഗരത്തിന്റെ പല ഭാഗങ്ങളെയും വെള്ളത്തിനടിയിലാക്കി. ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്ന ശക്തമായ മഴയെ തുടർന്ന് പ്രധാന റോഡുകളെല്ലാം ചെളിവെള്ളത്താൽ നിറഞ്ഞു. നഗരജീവിതത്തെ സാരമായി ബാധിച്ച ഈ പേമാരി അപ്രതീക്ഷിതമായി ഡൽഹിയെ സ്തംഭിപ്പിച്ചു.

ബാരക്കാമ്പ റോഡ്, വടക്ക് കിഴക്കൻ ഡൽഹി, ജന്തർ മന്തർ എന്നിവിടങ്ങളിൽ വീടുകളിലടക്കം വെള്ളക്കെട്ട് രൂക്ഷമായി. പശ്ചിമ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചു. സാ​ഗർപൂരിലെ ​ഗാന്ധി മാർക്കറ്റ് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലെ റോഡുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. ഇതേത്തുടർന്ന് പലയിടങ്ങളിലും ​ഗതാ​ഗതം പൂർണ്ണമായി തടസ്സപ്പെട്ടു.

മഴയെ തുടർന്ന് ഡൽഹിയിലെ ഇന്ദിരാ​ഗാന്ധി വിമാനത്താവളത്തിലും വെള്ളം കയറുകയും നിരവധി വിമാനസർവീസുകളെ ബാധിക്കുകയും ചെയ്തു. ഡൽഹിയിലേക്കെത്തിയ ആഭ്യന്തര വിമാനങ്ങൾ വൈകുകയും ഒൻപതെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഉച്ചയ്ക്ക് 2.30 നും വൈകുന്നേരം 5.30 നും ഇടയിൽ 72.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മൂന്ന് മണിക്കൂറിനുള്ളിൽ ഡൽഹിയിൽ പെയ്ത ഏറ്റവും ഉയർന്ന മഴയാണിത്. നരൈന (54 മി.മീ), ജനക്പുരി (48.5 മി.മീ), ലോധി റോഡ് (34.6 മി.മീ) എന്നിവിടങ്ങളിലും കനത്ത മഴ ലഭിച്ചു.

നിലവിൽ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശിലെ നോയിഡ, ​ഗാസിയാബാദ് എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരുന്ന മണിക്കൂറുകളിൽ നഗരത്തിലെ മിക്ക ഭാഗങ്ങളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.


Hashtags: #DelhiRain #DelhiWeather #Waterlogging #FlightDelays #RedAlert #IndiaWeather
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0