പത്തനംതിട്ടയിൽ അതീവ ജാഗ്രതാ നിർദേശം: മലയോര മേഖലകളിൽ ശക്തമായ മഴ; യാത്ര ഒഴിവാക്കാൻ മുന്നറിയിപ്പ് #Pathanamthitta

Post Image
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിൽ അതീവ ജാഗ്രതാ നിർദേശവുമായി ജില്ലാ ഭരണകൂടം. മലയോര മേഖലകളിലെ മണ്ണിൽ ഗണ്യമായ അളവിൽ ജലാംശം വർധിച്ചതിനെ തുടർന്ന് റാന്നി, കോന്നി തുടങ്ങിയ മലയോര താലൂക്കുകളിലും മറ്റ് താലൂക്കുകളിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലേക്കും കുന്നിൻചെരിവുകളിലേക്കും അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും പ്രളയബാധിത പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മുൻകൂട്ടി സുരക്ഷിത സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ നിർബന്ധമായും മാറണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകി.

പുഴകൾ, തോടുകൾ, അണക്കെട്ടുകളുടെ താഴ്ന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നതും കുളിക്കുന്നതും വിനോദസഞ്ചാരത്തിനായി പോകുന്നതും പൂർണമായി ഒഴിവാക്കേണ്ടതാണ്. വീടിന്റെ പിന്നിലോ സമീപത്തോ വിള്ളലോ, മണ്ണിടിച്ചിലിന്റെ ലക്ഷണങ്ങളോ, ജലം കലങ്ങിയൊഴുകലോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വില്ലേജ് ഓഫീസർ, തഹസിൽദാർ കാര്യാലയം, ജില്ല എമർജൻസി ഓപ്പറേഷൻസ് സെന്റർ എന്നിവരെ അറിയിക്കണം.

അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകൾ, കെ.എസ്.ഡി.എം.എ / ജില്ല ഭരണകൂടം എന്നിവയുടെ മാധ്യമങ്ങൾ വഴി ലഭ്യമാകുന്ന വിവരങ്ങൾ കൃത്യമായി പിന്തുടരണമെന്നും സാമൂഹ്യ മാധ്യമങ്ങളിലെ സ്ഥിരീകരിക്കാത്ത വാർത്തകൾ വിശ്വസിക്കരുതെന്നും നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ജില്ല എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ടോൾ ഫ്രീ നമ്പറായ 1077 / 04682322515 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതിനും ആവശ്യമെങ്കിൽ ഒഴിപ്പിക്കൽ നടപടികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.


Hashtags: #Pathanamthitta #RainAlert #KeralaRain #HeavyRain #LandslideWarning #DisasterManagement #KeralaNews #WeatherUpdate #MalayoramNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0