കേരളത്തിൽ കനത്ത മഴ: ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ജാഗ്രതാ നിർദ്ദേശം. #RainAlert

Post Image
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിതീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ബുധനാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. കൂടാതെ, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലും, ജൂലൈ 30 മുതൽ ഓഗസ്റ്റ് 1 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങളിലും സമീപ ഗംഗാതീര പശ്ചിമ ബംഗാളിനു മുകളിലുമാണ് അതിതീവ്ര ന്യൂനമർദ്ദം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ, തെക്കൻ ഝാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ ഇത് സഞ്ചരിക്കാൻ സാധ്യതയുണ്ട്. ഈ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.


Hashtags: #KeralaRain #Monsoon #YellowAlert #WeatherUpdate #MalayoramNews #RainForecast
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0