തമിഴ്‌നാട് സർക്കാർ ബസുകളിൽ പെരുമാറ്റച്ചട്ടം; ഉച്ചത്തിൽ ഉള്ള പാട്ട് വേണ്ട, മൊബൈൽ ഉപയോഗത്തിനും നിയന്ത്രണം. #BusRules

Post Image
ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ബസുകളിൽ യാത്രക്കാർക്ക് പുതിയ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. മൊബൈൽ ഫോണുകളുടെ അമിതവും ഉച്ചത്തിലുമുള്ള ഉപയോഗത്തിനും ബസുകളിൽ പാട്ടുവെക്കുന്നതിനും കർശന നിയന്ത്രണങ്ങളാണുള്ളത്. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിർദേശം.

മൊബൈൽ ഫോണോ മറ്റ് ഓഡിയോ ഉപകരണങ്ങളോ ഉപയോഗിക്കുമ്പോൾ ഹെഡ്‌സെറ്റ് നിർബന്ധമായും ഉപയോഗിക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. പൊതുഗതാഗത സംവിധാനങ്ങളിൽ ഉച്ചത്തിൽ സംസാരിക്കുന്നതും ഫോണുപയോഗിക്കുന്നതും തടയാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നേരത്തെ ചെന്നൈ മെട്രോയിൽ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മെട്രോയിൽ നിയമലംഘനം നടത്തുന്നവർക്ക് 2,500 രൂപ പിഴ ചുമത്തുമെന്ന് സിഎംആർഎൽ അറിയിച്ചിരുന്നുവെങ്കിലും, ബസുകളിലെ പിഴയെക്കുറിച്ച് സർക്കുലറിൽ വ്യക്തതയില്ല.

എല്ലാ ബസ് കോർപ്പറേഷനുകൾക്കും കീഴിലുള്ള ബസുകളിലും ഈ നിർദേശങ്ങൾ നിർബന്ധമാണ്. ഡ്രൈവർമാർ ഉച്ചത്തിൽ പാട്ടുകൾ വെക്കാൻ പാടില്ല, യാത്രക്കാർ സ്പീക്കറിൽ ഉറക്കെ സംസാരിക്കരുത്, ഉറക്കെ വാർത്തകളും പാട്ടുകളും കേൾക്കരുത് എന്നിവയാണ് പ്രധാന നിർദേശങ്ങൾ. ബസിലെ ജീവനക്കാർ യാത്രക്കാരുമായി സംവദിച്ച് അവബോധം വളർത്തുകയും സ്റ്റിക്കറുകൾ പതിക്കുകയും ചെയ്യണമെന്നും ഗതാഗത സെക്രട്ടറി നിർമൽ രാജ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

മെട്രോ പൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഉൾപ്പെടെയുള്ള എല്ലാ കോർപ്പറേഷനുകൾക്കും ഈ നിർദേശം നൽകിയിട്ടുണ്ട്. 24 സെന്റിമീറ്റർ നീളവും 16 സെന്റിമീറ്റർ വീതിയുമുള്ള സ്റ്റിക്കറുകൾ ബസിന്റെ മുൻവശത്തും നടുവിലുമുള്ള പ്രവേശന കവാടങ്ങളിൽ പതിക്കണം. "സ്പീക്കർ മോഡ് പാടില്ല, ദയവായി ഇയർഫോൺ/ഹെഡ്‌ഫോൺ ഉപയോഗിക്കുക, മറ്റ് യാത്രക്കാരെ ബഹുമാനിക്കുക, ബഹളമില്ലാത്ത യാത്ര - സുരക്ഷിത യാത്ര" എന്നിങ്ങനെയുള്ള സന്ദേശങ്ങൾ സ്റ്റിക്കറുകളിൽ ഉണ്ടാകും. യാത്രക്കാർ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറുന്നത് 1989ലെ തമിഴ്നാട് മോട്ടോർ വാഹന പെരുമാറ്റച്ചട്ട പ്രകാരം ശിക്ഷാർഹമാണെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.


Hashtags: #TamilNadu #BusRules #PublicTransport #MobileEtiquette #TravelAdvisory #GovernmentBuses #Chennai #CodeOfConduct #MalayalamNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0