ഓപ്പറേഷൻ തൂഫാൻ വിവാദം ആളിക്കത്തുന്നു: ഗുണ്ടാ യോഗത്തിൽ കെ. സുധാകരൻ എം.പി. പങ്കെടുത്തതിൽ വിമർശനം ശക്തം, യുഡിഎഫിനുള്ളിലെ തമ്മിലടിയാണ് ഇതിന്റെ കാരണമെന്ന് ഒരു കൂട്ടം പ്രവർത്തകർ. #OperationToofan

Post Image
കൊച്ചി: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഗുണ്ടകളും ക്രിമിനൽ കേസുകളിൽപ്പെട്ടവരും വിളിച്ച് ചേർത്ത യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി. പങ്കെടുത്തത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്നു. ദിവസങ്ങൾക്കു മുമ്പ് കൊച്ചിയിൽ നടന്ന ഗുണ്ടാത്തലവൻമാരുടെ യോഗത്തിൽ സുധാകരൻ പങ്കെടുക്കുന്നതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായത്. ഇതിനു പിന്നാലെ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എറണാകുളം ഡി.സി.സി. നേതൃത്വവും കെ. സുധാകരൻ്റെ നടപടിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി.

യോ​ഗ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത വിമർശനമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നത്. യോഗം വിവാദമായതോടെ, ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട യോഗമാണെന്ന് വിശദീകരിച്ച് കെ. സുധാകരൻ രംഗത്തെത്തിയെങ്കിലും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണത്തോടെ വിവാദം കൂടുതൽ ചൂടുപിടിച്ചു. 'തൂഫാൻ' യോഗത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും, ഇത്തരം യോഗങ്ങൾ വിളിക്കേണ്ടത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും ചെന്നിത്തല തുറന്നടിച്ചു. അല്ലാത്ത യോഗങ്ങൾ ഓപ്പറേഷൻ തൂഫാൻ്റെ തലയിൽ കെട്ടിവെക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നീട് ഈ വിഷയത്തിൽ കെ. സുധാകരൻ കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല. ഇതിനിടെ, യോഗത്തിൻ്റെ സംഘാടകരിൽ ഒരാളും തിരുവനന്തപുരം മുൻ ഡി.സി.സി. അംഗവുമായ സുഹൈൽ ഷാജഹാൻ ന്യായീകരണവുമായി രംഗത്തെത്തി. തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരെന്നും, വിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ളവരും വേണമെന്നുമായിരുന്നു ഒരു സ്വകാര്യ ചാനലിൽ അദ്ദേഹത്തിൻ്റെ പ്രതികരണം. അതിനിടെ, ഈ യോഗത്തിൽ പങ്കെടുത്ത മട്ടാഞ്ചേരി ഷിബു മധ്യവയസ്കനെ മർദിച്ച കേസിൽ അറസ്റ്റിലായതും വിവാദത്തിൻ്റെ ആഴം കൂട്ടി. ഷമീർ എന്നയാളെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഷിബു പിടിയിലായത്.

അതേസമയം, ഓപ്പറേഷൻ തൂഫാൻ ഔദ്യോഗികമായി നടപ്പാക്കുന്നത് പൊലീസിൻ്റെ നേതൃത്വത്തിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ്. എല്ലാ നിയോജക മണ്ഡലങ്ങളും കേന്ദ്രീകരിച്ച് എം.എൽ.എമാരുടെ നേതൃത്വത്തിൽ പരിപാടികൾ നടക്കുന്നുണ്ട്. ഗുണ്ടകൾ ഒത്തുചേർന്നത് സ്വകാര്യ പരിപാടിയാണ്. അനൗദ്യോഗികമായി നടന്ന യോഗത്തെക്കുറിച്ച് പ്രതികരിക്കാൻ താനില്ലെന്നും, ഓപ്പറേഷൻ തൂഫാനിൽ ഗുണ്ടകളുടെ സഹായം ആവശ്യമില്ലെന്നും കമീഷനർ കൂട്ടിച്ചേർത്തു.


Hashtags: #ഓപ്പറേഷൻതൂഫാൻ #കെസുധാകരൻ #കേരളരാഷ്ട്രീയം #ഗുണ്ടായോഗം #വിവാദം #MalayoramNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0