അയോധ്യ രാമക്ഷേത്രത്തിലെ 5 കോടി രൂപയുടെ സ്വർണ്ണ രാമചരിതമാനസം കാണാതായി: #Ramcharitmanas

Post Image
അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് വിവാദം തുടരുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി എസ്. ലക്ഷ്മിനാരായണൻ രംഗത്ത്. ക്ഷേത്രത്തിലേക്ക് അഞ്ച് കോടി രൂപ വിലമതിക്കുന്ന സ്വർണ്ണത്തിൽ പൊതിഞ്ഞ രാമചരിതമാനസം താൻ സംഭാവനയായി നൽകിയിരുന്നുവെന്നും, എന്നാൽ നിലവിൽ ഇത് എവിടെയാണെന്ന് വ്യക്തമല്ലെന്നും ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

സ്വർണ്ണത്തിൽ പൊതിഞ്ഞ ഈ രാമചരിതമാനസം വെറുമൊരു ഉപഹാരമായിരുന്നില്ലെന്നും, തന്റെ പരേതയായ അമ്മയുടെ 15 മുതൽ 18 വർഷം നീണ്ട ആത്മീയ യാത്രയുടെ ഫലമായിരുന്നുവെന്നും ലക്ഷ്മിനാരായണൻ വ്യക്തമാക്കി. തന്റെ കുടുംബം പതിറ്റാണ്ടുകളായി രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. കന്യാകുമാരിയിൽ നിന്ന് ക്ഷേത്ര നിർമ്മാണത്തിനായി അയച്ച ആദ്യത്തെ ഇഷ്ടിക തങ്ങളുടെ വീട്ടിൽ നിന്നായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സർവീസിൽ നിന്ന് വിരമിച്ച ശേഷം തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം ശ്രീരാമന് സമർപ്പിക്കാൻ തീരുമാനിച്ചതനുസരിച്ച്, ലക്ഷ്മിനാരായണനും ഭാര്യ സരസ്വതിയും ചേർന്ന് 2024 ഏപ്രിലിലാണ് ഈ ഉപഹാരം രാമക്ഷേത്ര ട്രസ്റ്റിന് കൈമാറിയത്. സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഈ രാമചരിതമാനസത്തിന് 147 കിലോഗ്രാം ഭാരമുണ്ട്. ഇതിൽ 522 സ്വർണ്ണ പേജുകളും 10,902 ശ്ലോകങ്ങളുമുണ്ട്.

രാമചരിതമാനസം ആദ്യം ക്ഷേത്രത്തിൽ ഭക്തർക്ക് കാണാനായി പ്രദർശിപ്പിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് ഇത് പെട്ടെന്ന് അവിടെ നിന്ന് മാറ്റിയെന്നും ലക്ഷ്മിനാരായണൻ പറഞ്ഞു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ല. പലതവണ ക്ഷേത്രത്തിൽ പോയെങ്കിലും ബന്ധപ്പെട്ട ആളുകളെ കാണാൻ കഴിഞ്ഞില്ലെന്നും തൃപ്തികരമായ ഉത്തരങ്ങൾ ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഒരു തരത്തിലുള്ള പ്രശസ്തിയും ആഗ്രഹിക്കുന്നില്ലെന്നും ഭക്തിയുടെ പേരിൽ നൽകിയ ഉപഹാരമായതിനാൽ സുതാര്യത മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ലക്ഷ്മിനാരായണൻ എടുത്തുപറഞ്ഞു.

വിഷയത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെയും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരെയും ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ട ചിലരെയും സമീപിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഹൈദരാബാദിലെ ഒരു പരിപാടിയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായും കൂടിക്കാഴ്ച നടത്തി. അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പലതവണ ബന്ധപ്പെട്ടിട്ടും ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആശങ്ക പ്രകടിപ്പിച്ചു.


Hashtags: #AyodhyaTemple #Ramcharitmanas #Lakshminarayanan #DonationControversy #RamMandir #UttarPradesh #IndiaNews #Controversy
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0