കൊട്ടാരക്കര ടിപ്പർ അപകടം: മൂന്ന് മരണം സ്ഥിരീകരിച്ച് മന്ത്രി; അമിത വേഗതക്കെതിരെ കർശന നടപടി ഉറപ്പ് #TipperAccident

Post Image
കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ മൂന്ന് പേർ മരിച്ചതായി മന്ത്രി പി.സി. വിഷ്ണുനാഥ് സ്ഥിരീകരിച്ചു. കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കിൽ രാവിലെ 7.15 ഓടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. മണ്ണ് കയറ്റിവന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടിപ്പർ ലോറികളുടെ അപകടപ്പാച്ചിൽ ആശങ്കാജനകമാണെന്നും ഇത് നിയന്ത്രിക്കുന്നതിനാവശ്യമായ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അപകടത്തിൽ സ്വകാര്യ കോളേജ് അധ്യാപകനായ ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, അജയകുമാർ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. എട്ട് പേരെയാണ് അപകടസ്ഥലത്ത് നിന്ന് പുറത്തെടുത്തതെന്നും ഇതിൽ അഞ്ച് പേർ നിലവിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ടിപ്പർ ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് പ്രധാന കാരണമായതെന്നും പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെയും ക്ലീനറെയും പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ചികിത്സയിലാണ്.

അപകടസമയത്ത് ബസ് സ്റ്റോപ്പിന് സമീപം പന്ത്രണ്ടോളം പേരുണ്ടായിരുന്നു. ഇതിൽ എട്ട് പേരാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ അഞ്ച് പേരാണ് ചികിത്സയിലുള്ളത്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ടിപ്പർ ലോറികളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം ഈ അപകടത്തോടെ ശക്തമായിരിക്കുകയാണ്.


Hashtags: #MalayoramNews #Kottarakkara #TipperAccident #KeralaAccident #Kollam #BusStopAccident #KeralaNews #അപകടവാർത്ത #കേരളം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0