തിരുവനന്തപുരം ജില്ലാശുപത്രിയിൽ , പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സ നിഷേധിച്ചതിനാല്‍ യുവതിക്ക് അണുബാധ. #Neyyattinkara

Post Image
തിരുവനന്തപുരം നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സ നിഷേധിച്ചെന്ന ആരോപണത്തിൽ ഡിഎംഒ ഇടപെട്ടു. ആരോപണ വിധേയയായ ഡോക്ടർ രേണുകയോട് ഡിഎംഒ വിശദീകരണം ആവശ്യപ്പെട്ടു. മാധ്യമ വാർത്തയെ തുടർന്നാണ് ഈ നടപടി. സംഭവത്തെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ട സംസ്ഥാന ശിശുക്ഷേമ വകുപ്പ് നെയ്യാറ്റിൻകര ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടിയിട്ടുമുണ്ട്.

അണുബാധയെ തുടർന്ന് എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരാതിക്കാരി സജിതയെ ഡിസ്ചാർജ് ചെയ്തു. രണ്ടാഴ്ച കഴിഞ്ഞുള്ള സ്കാനിങ്ങിനു ശേഷമായിരിക്കും ശസ്ത്രക്രിയ ആവശ്യമാണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. അതേസമയം, കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് സജിത മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

പ്രസവ ശസ്ത്രക്രിയക്ക് ശേഷം ചികിത്സ നിഷേധിച്ചതിനെ തുടർന്ന് അണുബാധയുണ്ടായ സജിതയുടെ ദുരിതാവസ്ഥ ഒരു മാധ്യമമാണ് പുറത്തുവിട്ടത്. ഫെബ്രുവരി ആറിനാണ് സജിതയുടെ പ്രസവ ശസ്ത്രക്രിയയും പ്രസവം നിർത്തുന്നതിനുള്ള പ്രൊസീജ്യറും നടന്നത്. ഇതിന് പിന്നാലെ കടുത്ത പനിയും വയറുവേദനയും അനുഭവപ്പെട്ടതായാണ് യുവതി പറയുന്നത്.

വേദനയെക്കുറിച്ച് ഡിസ്ചാർജിന് മുമ്പ് തന്നെ ഡോക്ടർ രേണുകയോട് പറഞ്ഞിരുന്നുവെന്നും, എന്നാൽ മതിയായ ചികിത്സയോ പരിശോധനയോ ലഭിച്ചില്ലെന്നും പകരം അസ്വസ്ഥപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കുകയാണ് ചെയ്തതെന്നുമാണ് സജിതയുടെ പരാതി. സഹിക്കാനാവാത്ത വേദനയുണ്ടായപ്പോൾ വെള്ളം കുടിക്കാത്തതിനാലാണ് പഴുപ്പെന്ന് ഡോക്ടർ പറഞ്ഞുവെന്നും കുടുംബം ആരോപിക്കുന്നു. പിന്നീടുള്ള സ്കാനിംഗിലാണ് ഗുരുതരമായ അണുബാധ കണ്ടെത്തിയത്.


Hashtags: #NeyyattinkaraHospital #MedicalNegligence #KeralaHealth #Sajitha #DMOAction #TwentyfourNews #MalayalamNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0