തിരുവനന്തപുരത്ത് എംപോക്സ് സ്ഥിരീകരിച്ചു; സൗദിയിൽ നിന്നെത്തിയയാൾക്ക് രോഗം #MPox

Post Image
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കിളിമാനൂർ സ്വദേശിയായ 43 വയസ്സുകാരനാണ് രോഗം ബാധിച്ചത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് എംപോക്സ്. ഡബിൾ സ്ട്രാൻഡഡ് ഡിഎൻഎ വൈറസായ മങ്കിപോക്സ് വൈറസാണ് ഈ രോഗത്തിന് കാരണമാകുന്നത്. വസൂരിരോഗമുണ്ടാക്കുന്ന വേരിയോള വൈറസ് ഉൾപ്പെടുന്ന പോക്‌സ് വൈറിഡേ കുടുംബത്തിലെ ഓർത്തോപോക്‌സ് വിഭാഗത്തിൽപ്പെടുന്ന ഒരു വൈറസ് ജനുസ്സാണിത്. ക്ലേഡ് 1, ക്ലേഡ് 2 എന്നിങ്ങനെ രണ്ട് ജനിതക വകഭേദങ്ങൾ എംപോക്സ് വൈറസിനുണ്ട്.

രോഗവാഹകരായ മൃഗങ്ങളിൽ നിന്നും രോഗബാധിതരായ മനുഷ്യരിൽ നിന്നും സമ്പർക്കം വഴിയാണ് എംപോക്സ് പകരുന്നത്. ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന, സ്രവം നിറഞ്ഞതും വേദനയുള്ളതുമായ തിണർപ്പുകളും കുമിളകളുമാണ് പ്രധാന ലക്ഷണം. ഇത് രണ്ടുമുതൽ നാലാഴ്ച വരെ നീണ്ടുനിൽക്കാം. കടുത്ത പനി, തലവേദന, പേശിവേദന, നടുവേദന, കഴലവീക്കം, ക്ഷീണം എന്നിവയും രോഗലക്ഷണങ്ങളാണ്. മുഖത്ത് പ്രത്യക്ഷപ്പെടുന്ന തിണർപ്പുകൾ അതിവേഗം ശരീരം മുഴുവൻ വ്യാപിക്കാൻ സാധ്യതയുണ്ട്.

പൊതുവെ മരണനിരക്ക് കുറവാണെങ്കിലും, രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മറ്റ് അസുഖങ്ങളുള്ളവരിലും വൈറസ് തീവ്രമാകാൻ സാധ്യതയുണ്ട്. എംപോക്സ് വൈറസിനെതിരെ പ്രത്യേക മരുന്നുകൾ നിലവിലില്ല. രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിനുള്ള ചികിത്സകളാണ് സാധാരണയായി നൽകുന്നത്. വസൂരിരോഗത്തെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്സിനുകളും ടിക്കോവിരിമാറ്റ് (ടിപോക്സ്) പോലുള്ള ആന്റിവൈറൽ മരുന്നുകളും ഇപ്പോൾ എംപോക്സിനും ഉപയോഗിച്ചുവരുന്നു.


Hashtags: #MPox #Kerala #Thiruvananthapuram #HealthAlert #DiseasePrevention #MalayoramNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0