സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാഴാഴ്ച വരെ വ്യാപക മഴ, കൂടുതൽ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം #KeralaRain

Post Image
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുണ്ട്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലവിലുള്ളത്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ രണ്ടുവരെ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ മധ്യ, വടക്കൻ ജില്ലകളിൽ മഴ കൂടുതൽ ശക്തമാവാനാണ് സാധ്യത. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

കാലവർഷം രൂക്ഷമായതോടെ വിവിധ ജില്ലകളിൽ കാലവർഷക്കെടുതികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്ത് അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള തയ്യാറെടുപ്പുകളും നടത്തിവരുന്നുണ്ട്.


Hashtags: #KeralaRain #HeavyRain #IMDAlert #MonsoonKerala #RainForecast #WeatherUpdate #MalayalamNews
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0