ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ: 1080 കോടി രൂപ അനുവദിച്ചു, 51 ലക്ഷം പേർക്ക് ആശ്വാസം #WelfarePension

Post Image
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് (ജൂൺ 24) മുതൽ ആരംഭിക്കും. വിവിധ ക്ഷേമനിധി ബോർഡുകളിലെ പെൻഷനും ഇന്ന് മുതൽ ഗുണഭോക്താക്കളിലേക്ക് എത്തും. 1080 കോടി രൂപ ഇതിനായി അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി. അടുത്ത മാസം മൂന്നിനകം പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദേശം.

കഴിഞ്ഞ മെയ് മാസത്തെ പെൻഷൻ വിതരണം പൂർത്തിയായതിന് പിന്നാലെയാണ്, ജൂൺ മാസത്തെ പെൻഷൻ വിതരണത്തിനായി സർക്കാർ തുക അനുവദിച്ച് ഉത്തരവിറക്കിയത്. കർഷക തൊഴിലാളി പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിതകൾക്കുള്ള പെൻഷൻ, വിധവാ പെൻഷൻ തുടങ്ങിയവ കൈപ്പറ്റുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കളുടെ കൈകളിലേക്ക് തുക എത്രയും വേഗം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ആകെ 51,70,015 ഗുണഭോക്താക്കൾക്കാണ് ഈ മാസം ക്ഷേമ പെൻഷൻ ലഭിക്കുക.

ഗുണഭോക്താക്കളുടെ താൽപര്യപ്രകാരം രണ്ട് വ്യത്യസ്ത വിതരണ ശൃംഖലകൾ വഴിയാണ് പെൻഷൻ തുക വിതരണം ചെയ്യുന്നത്. ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കുമെന്ന് സർക്കാർ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

ക്ഷേമ പെൻഷൻ അർഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി പുതിയ സംവിധാനം സർക്കാർ ഗൗരവകരമായി പരിശോധിക്കുന്നുണ്ടെന്നും നിയമസഭയിൽ അറിയിപ്പുണ്ടായിരുന്നു. ഇത് സംബന്ധിച്ചുള്ള തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Hashtags: #WelfarePension #KeralaGovernment #PensionDistribution #KeralaNews #JunePension
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0