നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: രണ്ടാനച്ഛനുമായി തെളിവെടുപ്പ്, ജനരോഷം, പ്രതിയെ അക്രമിച്ച് ജനക്കൂട്ടം. #Nedumangad_Child_Murder

Malayoram News Image
തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസ്സുകാരനായ അർഷാദ് മരിച്ച സംഭവത്തിൽ പ്രതിയായ രണ്ടാനച്ഛൻ അഷ്കറുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനെത്തിച്ച പ്രതിക്കുനേരെ പ്രദേശത്ത് തടിച്ചുകൂടിയ നാട്ടുകാരുടെ ജനരോഷം അണപൊട്ടി. ജനക്കൂട്ടം അഷ്കറിനെ മർദ്ദിക്കാൻ ശ്രമിച്ചതിനാൽ പൊലീസ് ഏറെ ശ്രമപ്പെട്ടാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

അഷ്കറിന്റെ നിരന്തര മർദ്ദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് ഒന്നരവയസുകാരനായ അർഷാദിന്റെ മരണകാരണമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ രണ്ടാനച്ഛനായ അഷ്കറിനെയും കുട്ടിയുടെ അമ്മ അഖിലയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പനവൂർ കരിക്കുഴി നെല്ലിക്കുന്നിലെ വാടകവീട്ടിൽ വെച്ചാണ് കുട്ടിക്ക് മർദ്ദനമേറ്റത്.

കുഞ്ഞിന് മർദ്ദനമേറ്റതിന് പിന്നിൽ അഷ്കറാണെന്ന് നാട്ടുകാർക്ക് അറിയാമായിരുന്നുവെന്നും, അഖിലയ്ക്ക് ഇതെല്ലാം അറിയാമായിരുന്നെന്നും സമീപവാസികൾ പറയുന്നു. കുഞ്ഞിനെ വിട്ടുകിട്ടാനായി അഖിലയുടെയും അദ്യഭർത്താവിന്റെയും വീട്ടുകാർ നിയമപരമായി നീങ്ങിയിരുന്നതായും വിവരമുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്ന് പറഞ്ഞ് അഷ്കർ കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയ ഉടൻ കുഞ്ഞ് മരിച്ചു. പരിശോധനയിൽ കുഞ്ഞിന്റെ തലയ്‌ക്കുപിന്നിൽ ഗുരുതരമായ ക്ഷതമേറ്റ പാടും കാൽപ്പാദങ്ങളിലും കൈകളിലും മുതുകിലുമൊക്കെ പൊള്ളലേറ്റ പാടുകളും കണ്ടെത്തി.

വാശിപിടിച്ച് കരഞ്ഞ കുഞ്ഞിന്റെ തലയ്ക്ക് അഷ്കർ അടിക്കുകയായിരുന്നു. അടിയേറ്റ് വീണ കുഞ്ഞിനെ കട്ടിലിൽ കിടത്തിയ ശേഷം ഛർദ്ദിക്കുന്നതിന്റെ ശബ്ദം കേട്ടെത്തിയ അയൽക്കാരോട് ആഹാരം തൊണ്ടയിൽ കുരുങ്ങിയെന്ന് അഷ്കർ പറഞ്ഞു. അയൽക്കാരാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ നിർബന്ധിച്ചത്.

ലൈറ്റർ ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചതായും വടി ഉപയോഗിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നതായും കുഞ്ഞിനെ ഉയരത്തിൽ നിന്ന് തള്ളിയിട്ട് ഇരുകൈകളും ഒടിച്ചതായും അഷ്കർ പൊലീസിനോട് സമ്മതിച്ചിരുന്നു. ഈ പീഡനങ്ങളെല്ലാം അഖിലയുടെ അറിവോടെയായിരുന്നെന്ന് കുഞ്ഞിന്റെ പിതാവിന്റെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

വെങ്കിട്ടക്കാല സ്വദേശിനിയായ അഖിലയുടെ ആദ്യ ഭർത്താവ് പാലോട് സ്വദേശിയായിരുന്നു. ഒരു വർഷം മുമ്പ് ഇയാൾ ആത്മഹത്യ ചെയ്തു. അതിനുശേഷമാണ് അഷ്കറിനൊപ്പം അഖില താമസിച്ചു തുടങ്ങിയത്. നർത്തകിയായ അഖില ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലായിരുന്ന സമയങ്ങളിലാണ് കുഞ്ഞിനെ അഷ്കർ നിരന്തരം ഉപദ്രവിച്ചിരുന്നത്.

പോസ്റ്റ്‌മോർട്ടത്തിനുശേഷം കുഞ്ഞിന്റെ മൃതദേഹം പിതാവിന്റെ ബന്ധുക്കൾ ഏറ്റുവാങ്ങി പാലോട് പച്ചയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.


Hashtags: #ChildAbuse #KeralaCrime #Nedumangad #ശിശുമരണം #കേരളക്രൈം #ജനരോഷം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0