കണ്ണൂർ : പരിയാരം ഗവർണമെന്റ് മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിൽ രക്തത്തിന്റെ കടുത്ത ക്ഷാമം തുടരുന്നതായി പരാതികൾ ശക്തമാകുന്നു. ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലൊന്നായ പരിയാരം മെഡിക്കൽ കോളേജിൽ ദിവസേന നൂറുകണക്കിന് രോഗികൾ ചികിത്സ തേടുമ്പോഴും ആവശ്യത്തിന് രക്തം ലഭിക്കാത്തത് ഗുരുതര പ്രതിസന്ധിയിലേക്ക് കാര്യങ്ങളെ നയിക്കുകയാണ്.
പ്രത്യേകിച്ച് അപൂർവ രക്തഗ്രൂപ്പുകളായ O Negative, AB Negative തുടങ്ങിയവ പല ദിവസങ്ങളിലും സ്റ്റോക്കിൽ ഇല്ലാത്ത സാഹചര്യമാണുള്ളത്. അടിയന്തര ശസ്ത്രക്രിയകൾക്കും അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റവർക്കും സമയത്ത് രക്തം ലഭിക്കാത്തത് രോഗികളുടെ ബന്ധുക്കളെ വലിയ ബുദ്ധിമുട്ടിലാക്കുന്നു. പലരും സോഷ്യൽ മീഡിയയിലൂടെയും വ്യക്തിഗത ബന്ധങ്ങളിലൂടെയും രക്തദാതാക്കളെ കണ്ടെത്താൻ ഓടിനടക്കേണ്ട അവസ്ഥയാണ്.
അതേസമയം, ബ്ലഡ് ബാങ്കിന്റെ പ്രവർത്തന സമയവും വലിയ വിമർശനങ്ങൾക്ക് ഇടയാക്കുകയാണ്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 വരെ മാത്രമാണ് ബ്ലഡ് ബാങ്ക് പ്രവർത്തിക്കുന്നതെന്നാണ് പരാതി. ഞായറാഴ്ചകളിൽ പൂർണമായും അവധിയായതിനാൽ അത്യാഹിത സാഹചര്യങ്ങളിൽ രോഗികൾ കടുത്ത പ്രതിസന്ധിയിലാകുന്നു. 24 മണിക്കൂറും പ്രവർത്തിക്കേണ്ട അത്യാവശ്യ സേവന വിഭാഗം പരിമിത സമയങ്ങളിൽ മാത്രമായി ചുരുങ്ങിയതിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.
മുമ്പ് സജീവമായി രക്തദാന ക്യാമ്പുകളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തിയിരുന്ന യുവജന സംഘടനകളുടെയും ക്ലബ്ബുകളുടെയും ഇടപെടൽ ഇപ്പോൾ കുറഞ്ഞുവെന്നാണ് പൊതുവായ വിമർശനം. സ്ഥിരമായ രക്തദാന ശൃംഖല രൂപീകരിക്കാനും റെയർ ഗ്രൂപ്പ് ഡോണർമാരുടെ ഡാറ്റാബേസ് പുതുക്കാനും ബന്ധപ്പെട്ട വകുപ്പുകളും സന്നദ്ധ സംഘടനകളും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
ജില്ലയിലെ പ്രധാന ആരോഗ്യകേന്ദ്രമായ പരിയാരം മെഡിക്കൽ കോളേജിൽ ബ്ലഡ് ബാങ്ക് സേവനം 24 മണിക്കൂറും ഉറപ്പാക്കുകയും ആവശ്യമായ രക്തശേഖരം നിലനിർത്തുന്നതിനുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് രോഗികളും പൊതുജനങ്ങളും ആവശ്യപ്പെടുന്നത്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.