കെഎസ്ആർടിസിയിൽ സൗജന്യയാത്ര: പ്രതിമാസം 112 കോടി രൂപവരെ നഷ്ടം വരുമെന്ന് റിപ്പോർട്ട് #KSRTC_Free_Travel_Loss

Malayoram News Image
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുകയാണെങ്കിൽ കോർപ്പറേഷന് കനത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. മുഴുവൻ ബസുകളിലും സൗജന്യയാത്ര നടപ്പാക്കിയാൽ പ്രതിമാസം 112 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്.

കെഎസ്ആർടിസി മാനേജ്മെന്റ് ഗതാഗത സെക്രട്ടറിക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. ഓർഡിനറി ബസുകളിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി രൂപയും, ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 65 കോടി രൂപയും നഷ്ടം വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളിൽ സൗജന്യയാത്ര അനുവദിക്കുകയാണെങ്കിൽ ഏകദേശം 90 കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആർടിസിയിൽ യാത്രചെയ്യുന്ന സ്ത്രീകളുടെ ഏകദേശ എണ്ണം കണക്കിലെടുത്താണ് ഈ നഷ്ടം വിലയിരുത്തിയിരിക്കുന്നത്.

മൂന്നു മാസത്തേക്കുള്ള പ്രാഥമിക റിപ്പോർട്ടാണ് കെഎസ്ആർടിസി സമർപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന്റെ അഞ്ചിന ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര എന്നതായിരുന്നു ഒരു പ്രധാന പ്രഖ്യാപനം.

ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പദ്ധതിയുടെ മറ്റ് വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

കെഎസ്ആർടിസിയിൽ 50 ശതമാനത്തിലേറെ യാത്രക്കാർ വനിതകളാണെന്ന് ജെൻഡർ ടിക്കറ്റിങ്ങിലൂടെ കണ്ടെത്തിയിരുന്നു. നിലവിൽ പെൻഷനു പുറമെ പ്രതിമാസം 50 കോടി രൂപയാണ് ശമ്പളവിതരണത്തിനായി കെഎസ്ആർടിസിക്ക് സർക്കാർ നൽകുന്നത്. സൗജന്യയാത്ര പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന അധിക നഷ്ടം സർക്കാർ കണ്ടെത്തേണ്ടി വരും.


Hashtags: #KSRTCLoss #FreeTravelScheme #KeralaPolitics #കെഎസ്ആർടിസി #സൗജന്യയാത്ര #വരുമാനനഷ്ടം
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0