വി.ഡി.സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 10 മണിക്ക്.. #VD_Satheesan_Cabinet

Malayoram News Image
തിരുവനന്തപുരം ∙ വി.ഡി.സതീശൻ മുഖ്യമന്ത്രിയായുള്ള യുഡിഎഫ് സർക്കാർ ഇന്ന് അധികാരമേൽക്കും. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉൾപ്പെടെ 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.

മുഖ്യമന്ത്രിയടക്കം 14 പേർ ആദ്യമായിട്ടാണ് മന്ത്രിസ്ഥാനത്തെത്തുന്നത്. ഇന്നലെ വി.ഡി.സതീശൻ മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച കാര്യങ്ങൾ ഗവർണറെ അറിയിക്കും.

മന്ത്രിസഭയിൽ രണ്ട് വനിതകൾ ഉണ്ടാകും. കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരുണ്ട്. മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിച്ചു. കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് (ജേക്കബ്) എന്നീ കക്ഷികൾക്ക് ഓരോ മന്ത്രി വീതമാണുള്ളത്.

സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും തിരഞ്ഞെടുത്തു. കേരള കോൺഗ്രസിന് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചു. അപു ജോൺ ജോസഫാണ് പുതിയ ചീഫ് വിപ്പ്.

കോൺഗ്രസും മുസ്‌ലിം ലീഗും ഓരോ മന്ത്രിസ്ഥാനം രണ്ടര വർഷത്തിനു ശേഷം പാർട്ടിക്കുള്ളിൽ വീതം വയ്ക്കും. ലീഗിൽനിന്ന് രണ്ടര വർഷത്തിനു ശേഷം പാറയ്ക്കൽ അബ്ദുല്ല മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

ഏകാംഗ കക്ഷികളായ അനൂപ് ജേക്കബും മാണി സി.കാപ്പനും തമ്മിൽ മന്ത്രിസ്ഥാനം പങ്കിടും. ആദ്യ ടേം അനൂപിനാണ്. ടേം വ്യവസ്ഥയോട് യോജിപ്പില്ലെങ്കിലും മുന്നണിയെ പ്രതിസന്ധിയിലാക്കാനില്ലെന്ന് അറിയിച്ചാണ് മാണി സി.കാപ്പൻ വഴങ്ങിയത്.


Hashtags: #VDSatheesan #KeralaPolitics #UDFGovt #വിഡിസതീശൻ #കേരളസർക്കാർ #സത്യപ്രതിജ്ഞ
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0