കോഴിക്കോട്: തിക്കോടി റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ക്കയറി സെല്‍ഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ഗുരുതരമായി ഷോക്കേല്‍ക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്തു.പയ്യോളി അയനിക്കാട് സ്വദേശിയായ താരേമ്മല്‍ മുഹമ്മദ് സിനാന് (18) ആണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടേമുക്കാലോടെയാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം ബി.ടി.പി.എൻ. ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ക്കയറി സെല്‍ഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി വീഴാൻ പോയ സിനാൻ, രക്ഷപ്പെടാനായി മുകളിലെ ഹൈടെൻഷൻ ഇലക്‌ട്രിക് ലൈനില്‍ പിടിക്കുകയായിരുന്നു.
വലിയ ശബ്ദത്തോടെ ഷോക്കേറ്റ യുവാവ് ട്രെയിനിന് മുകളിലേക്ക് തന്നെ തെറിച്ചു വീണു. ശരീരത്തില്‍ അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് പ്രാഥമിക വിവരം. അപകടസമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് സിനാനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
അവിടെ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം നില അതീവ ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Attempting to take a selfie on top of a train in Thikkodi; Youth shocked by high-tension line admitted to medical college.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.