കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന കിണാശ്ശേരിയിലാണ് രോഗം സ്ഥിരീകരിച്ചത്. കിണാശ്ശേരിയിലേത് ഉൾപ്പെടെ നാല് സാമ്പിളുകൾ ഭോപ്പാലിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. ഇതിൽ ഒന്നിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇവിടെ പ്രഭവ കേന്ദ്രത്തിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ് ഉൾപ്പെടുന്ന പക്ഷികളെ കൊന്നൊടുക്കുന്ന പ്രവർത്തനം ഇന്ന് നടക്കും. ഇതിനായി ദ്രുതകർമ സേനയെ രൂപീകരിച്ചു. മാങ്കാവ്, പൊക്കുന്ന്, കിണാശ്ശേരി, ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര, കമ്പിളിപ്പറമ്പ് ഭാഗങ്ങളിലാണ് ദ്രുതകർമ സേനയുടെ പ്രവർത്തനം.
ഈ പ്രദേശങ്ങളിലെ വളർത്തുപക്ഷികളെയും കോഴികളെയും മറ്റും പുറത്തേക്ക് തുറന്നുവിടുകയോ പാർപ്പിക്കുകയോ ചെയ്യരുതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാർച്ചില്‍ ജില്ലയിലെ ബാലുശ്ശേരി, കക്കോടി, ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലും കോർപ്പറേഷൻ പരിധിയിലെ നല്ലളത്തും രോഗം സ്ഥിരീകരിച്ചു. ഇവിടെ ദ്രുതകർമ സേനയുടെ നേതൃത്വത്തിൽ നടത്തിയ രോഗനിയന്ത്രണ പ്രവർത്തനത്തിൽ മൂവായിരത്തോളം പക്ഷികളെ രണ്ട് ദിവസം കൊണ്ട് കൊന്നൊടുക്കിയിരുന്നു.
മാർച്ച് 17 ന് ജില്ലയിലെ അതി തീവ്ര വിഭാഗത്തിൽപ്പെടുന്ന പക്ഷിപ്പനി (എച്ച്5,എൻ1) സ്ഥിരീകരിച്ചു. മറ്റ് പ്രദേശങ്ങളിലും പക്ഷികൾ ചത്തുവീഴുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് അയക്കാൻ തീരുമാനിച്ചത്.
Bird flu confirmed again in Kozhikode

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.