പ്രയാഗ്‌രാജ്: ഭർത്താവിൻ്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരം ഭർതൃമാതാപിതാക്കൾക്ക് മരുമകളിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദൻ പാൽ സിംഗ് വ്യക്തമാക്കി. രാകേഷ് കുമാർ എന്നയാളും ഭാര്യയും മരുമകൾക്കെതിരെ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ഭർത്താവിൻ്റെ മാതാപിതാക്കളെ നോക്കുന്നത് ഒരു ധാർമിക കടമയായിരിക്കാം, എന്നാൽ അതിന് നിയമപരമായ പിൻബലമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ധാർമികമായ ബാധ്യതകളെ നിയമപരമായി നടപ്പിലാക്കാൻ കോടതിക്ക് കഴിയില്ല, മരുമകളുടെ മേൽ ഇത്തരമൊരു ബാധ്യത അടിച്ചേൽപ്പിക്കുന്നത് നിയമസംവിധാനത്തിൻ്റെ ലക്ഷ്യമല്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. നിയമപ്രകാരം മക്കൾക്കാണ് മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമെന്നും കോടതി വ്യക്തമാക്കി.
ക്രിമിനൽ നടപടി ചട്ടം 125-ാം വകുപ്പ് പ്രകാരം സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കൾക്ക് ഉത്തരവാദിത്തമുണ്ടെങ്കിലും, ആ നിർവചനത്തിൽ ഭർത്താവിൻ്റെ മാതാപിതാക്കൾ ഉൾപ്പെടില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു സ്ത്രീ ജോലി ചെയ്യുന്നുണ്ടെങ്കിൽ പോലും തൻ്റെ വരുമാനത്തിൽ നിന്ന് ഭർത്താവിൻ്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ അവർ ബാധ്യസ്ഥയല്ല, നിയമപ്രകാരം മാതാപിതാക്കൾ എന്ന വാക്കിന് സ്വന്തം അച്ഛനമ്മമാർ മാത്രമേ അർത്ഥമുള്ളൂ എന്നും കോടതി വ്യക്തമാക്കി. മാതാപിതാക്കൾ എന്ന നിർവചനത്തിൽ സ്വന്തം അച്ഛനമ്മമാരാണ് വരുന്നത്, അല്ലാതെ ഭർത്താവിൻ്റെ മാതാപിതാക്കളല്ല. ഭർത്താവിൻ്റെ മരണശേഷം മരുമകൾ ജോലി ചെയ്യുന്നുണ്ടെങ്കിൽ പോലും, ആ വരുമാനത്തിൽ നിന്ന് ഭർത്താവിൻ്റെ മാതാപിതാക്കൾക്ക് വിഹിതം നല്‍കാന്‍ അവർ ബാധ്യസ്ഥയല്ലെന്നും കോടതി വ്യക്തമാക്കി.
ആഗ്രയിലെ കുടുംബ കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് രാകേഷ് കുമാറും ഭാര്യയും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ഉത്തർപ്രദേശ് പോലീസിൽ കോൺസ്റ്റബിളായ മരുമകൾക്കെതിരെയായിരുന്നു ഭർത്താവിൻ്റെ മാതാപിതാക്കളുടെ പരാതി. തങ്ങള്‍ പ്രായമായവരും നിരക്ഷരരും ദരിദ്രരാണെന്നും ഏക മകൻ്റെ മരണശേഷം തങ്ങളെ നോക്കാൻ ആരുമില്ല. മകൻ്റെ മരണാനന്തര ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റുന്നത് മരുമകളാണെന്നും അവർക്ക് സ്വന്തമായി വരുമാനമുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി മരുമകൾക്ക് ജോലി ലഭിച്ചത് ഭർത്താവിൻ്റെ മരണത്തെ തുടർന്നുള്ള കാരുണ്യ നിയമത്തിലൂടെ ആണെന്ന് തെളിയിക്കാൻ രേഖകളില്ല. 2025 ഓഗസ്റ്റിൽ മരുമകൾക്ക് അനുകൂലമായി കുടുംബകോടതി നൽകിയ വിധിക്കെതിരെയായിരുന്നു ഭർത്താവിൻ്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്.
Daughter-in-law has no legal obligation to protect in-laws: Allahabad High Court

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.