ഗുണ്ടൽപേട്ട്: കർണാടക ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശികളാണ് അപകടത്തിൽപെട്ടത്. ദേശീയ പാത 766-ൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ആയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീർ (37) എന്നിവരാണ് മരിച്ചത്.
മുഹമ്മദ് അസീർ ബെംഗളൂരുവിൽ ബിഇഎംഎലിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ നിന്ന് മൈസൂരിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുണ്ടൽപേട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കാറിൽ ചെന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ആയിഷ നൂറിയും നൊഹയും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മുഹമ്മദ് അസീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒമ്പതു വയസ്സുകാരനായ നഹിയാനെ ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് സംഭവസ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി.
Three Kozhikode natives die in car tipper lorry collision in Gundalpet

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.