കൽപ്പറ്റ:പെണ്‍കുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. തരിയോട് കാവുംമന്ദം കോമത്തൊടി വീട്ടിൽ യദു കൃഷ്ണ (18) ആണ് പിടിയിലായത്. ഇൻസ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകൾ വഴിയാണ് യുവാവ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
മുമ്പ് ഇതേ കുറ്റത്തിന് ഇയാൾ പിടിയിലാകുകയും പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും ഇതേ കുറ്റം ആവര്‍ത്തിക്കുകയായിരുന്നു. 2025 ഒക്ടോബറിലാണ് തൻ്റെയും കൂട്ടുകാരുടെയും ചിത്രങ്ങൾ മോശമായ രീതിയിൽ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെൺകുട്ടിയുടെ ആദ്യ പരാതി വയനാട് സൈബർ പോലീസിന് ലഭിക്കുന്നത്. പരാതി പ്രകാരം അന്വേഷണം തുടങ്ങിയ പൊലീസ് 'മുണ്ടേരി തിങ്ങ്സ്' എന്ന അക്കൗണ്ട്‌വഴിയാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തുകയും അക്കൗണ്ട് ഉപയോഗിച്ചിരുന്നത് യദു കൃഷ്ണയാണെന്നും കണ്ടെത്തി.
എന്നാൽ, യദുവിന് പ്രായപൂർത്തിയാവാത്തതിനാൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ അന്ന് കുറ്റകൃത്യം ആവർത്തിക്കരുതെന്ന് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. എന്നാൽ ഇയാള്‍ 2026 മാർച്ചിൽ കുറ്റകൃത്യം വീണ്ടും ആവർത്തിച്ച് ഇയാൾക്കെതിരെ പരാതി ലഭിക്കുകയായിരുന്നു.
മറ്റ് രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയും ടെലഗ്രാം അക്കൗണ്ടുകൾ വഴിയുമാണ് വീണ്ടും ചിത്രങ്ങൾ പ്രചരിപ്പിച്ചത്. അച്ഛൻ്റെ പേരിലുള്ള നമ്പർ ഉപയോഗിച്ചാണ് ഇയാളുടെ ഫോൺ നമ്പറുകൾ തുടങ്ങിയത്. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ സി.ആർ. രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
A 17-year-old was arrested for morphing and distributing images of girls, and an 18-year-old was arrested again for the same crime.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.