തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വാട്‌സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുറുമാത്തൂർ മുയ്യം സ്വദേശിയായ ജഗദീഷ് (37) ആണ് പിടിയിലായത്. പ്രതിയെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് അറസ്റ്റ് ചെയ്തത്. വനിതാ കമ്മീഷൻ അധ്യക്ഷ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപി അഡ്രസ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന്, ഇയാൾ മറ്റ് നിരവധി സ്ത്രീകൾക്കും സമാനമായ രീതിയിൽ അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ചതായി പൊലീസ് കണ്ടെത്തി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തികിൻ്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം കണ്ണൂർ തളിപ്പറമ്പിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
ഓഫീസ് കമ്മീഷണർ തപോഷ് ബസുമതാരിയുടെ മേൽനോട്ടത്തിൽ അസിസ്റ്റൻ്റ് കമ്മീഷണർ ഷാജി എം കെ, ഇൻസ്പെക്ടർ നൗഷാദ് സി കെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kannur native arrested for sending obscene message to Women's Commission chairperson on WhatsApp

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.